'യേശുദാസിന് അഹങ്കരിക്കാന്‍ അവകാശമുണ്ട്, അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല'; സെല്‍ഫി വിവാദത്തില്‍ സലിംകുമാര്‍

അവാര്‍ഡ് നിരസിച്ചവരുടെ നിലപാടുപോലെ തന്നെ അത് സ്വീകരിക്കാനുള്ള നിലപാടെടുക്കാനും യേശുദാസിന് അവകാശമുണ്ട്
'യേശുദാസിന് അഹങ്കരിക്കാന്‍ അവകാശമുണ്ട്, അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല'; സെല്‍ഫി വിവാദത്തില്‍ സലിംകുമാര്‍

യേശുദാസിന്റെ സെല്‍ഫി വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ 'ഹൗസ് ഫുള്ളായി' ഓടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഗായകന്‍ അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇപ്പോള്‍ യേശുദാസിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും താരം വ്യക്തമാക്കി. 

യേശുദാസ് നടന്നു വരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണ് തെറ്റെന്നും സലിംകുമാര്‍ ചോദിച്ചു. കൂടെ നില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണ് സെല്‍ഫി. ഒന്നെകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടോ എടുക്കണം. യേശിദാസിന്റെ മേല്‍ കൊമ്പുകയറുന്നതിന് മുന്‍പ് ഇത്രയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദേശിയ പുരസ്‌കാരം വാങ്ങി വരുന്ന സമയത്ത് ആരാധകരില്‍ ഒരാള്‍ യേശുദാസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരാധകന്റെ കൈ തട്ടിമാറ്റി മുന്നോട്ടു പോയ ശേഷം അയാളിടെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു. 

ദേശിയ പുരസ്‌കാര വേദിയിലെ വിവേചനത്തിനെതിരേ കേരളത്തില്‍ നിന്ന് അവാര്‍ഡിന് അര്‍ഹരായ ഭൂരിഭാഗം പേരും ചടങ്ങില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് പുരസ്‌കാരം സ്വീകരിച്ചത്. യേശുദാസിന്റെ ഈ നിലപാടിനെ വിമര്‍ശിച്ച് പ്രമുഖര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ അവാര്‍ഡ് നിരസിച്ചവരുടെ നിലപാടുപോലെ തന്നെ അത് സ്വീകരിക്കാനുള്ള നിലപാടെടുക്കാനും യേശുദാസിന് അവകാശമുണ്ടെന്നാണ് സലിംകുമാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com