ചാനലുകളിലും റേഡിയോയിലും പാട്ടു കേള്‍പ്പിക്കുന്നതിന് റോയല്‍റ്റി നല്‍കണം; നിയമ നടപടിയുമായി ഗായകരുടെ സംഘടന

ചാനലുകളിലും റേഡിയോയിലും പാട്ടു കേള്‍പ്പിക്കുന്നതിന് റോയല്‍റ്റി നല്‍കണം; നിയമ നടപടിയുമായി ഗായകരുടെ സംഘടന
ചാനലുകളിലും റേഡിയോയിലും പാട്ടു കേള്‍പ്പിക്കുന്നതിന് റോയല്‍റ്റി നല്‍കണം; നിയമ നടപടിയുമായി ഗായകരുടെ സംഘടന

കൊച്ചി: ടെലിവിഷന്‍ ചാനലുകളിലും റേഡിയോയിലും പാട്ടുകള്‍ കേള്‍പ്പിക്കുമ്പോള്‍ പിന്നണി ഗായകര്‍ക്കു റോയല്‍റ്റി നല്‍കണമെന്ന് ഗായകരുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് ചാനലുകള്‍ക്കും റേഡിയോ സ്‌റ്റേഷനുകള്‍ക്കും ഉള്‍പ്പെടെ നോട്ടീസ് നല്‍കിയതായി ഇന്ത്യന്‍ സിങ്ങേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍ (ഇസ്ര) ഭാരവാഹികള്‍ അറിയിച്ചു.

പിന്നണി ഗായകര്‍ക്ക് റോയല്‍റ്റി ലഭ്യമാക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ പ്രഥമയോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടിവി ചാനലുകള്‍, എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍, സ്‌പോര്‍ട്ടിങ് ഇവന്റ്, ന്യൂ മീഡിയ എന്നിവരില്‍ നിന്ന് റോയല്‍റ്റി ലഭ്യമാക്കുന്നതിനായി ക്ലെയിം ലെറ്ററുകള്‍ നല്‍കിയതായി ഇസ്ര സിഇഒ സഞ്ജയ് ടണ്ഠന്‍ പറഞ്ഞു. 

പിന്നണി ഗായകര്‍ പാടിയ ഗാനങ്ങളുടെ റെക്കോഡ് കേള്‍പ്പിക്കുന്നതിനാണ് റോയല്‍റ്റി നല്‍കേണ്ടത്. അതുകൊണ്ടുതന്നെ ഗാനമേളകളില്‍ ഇവരുടെ ഗാനങ്ങള്‍ പാടുമ്പോള്‍ റോയല്‍റ്റി നല്‍കേണ്ടതില്ലെന്ന് സംഘടന വ്യക്തമാക്കി.

നിലവില്‍ ചലച്ചിത്രരംഗത്ത് പിന്നണി ഗായകരില്‍ പലര്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കുന്നില്ല. ചാനലുകളില്‍നിന്നും റേഡിയോ സ്‌റ്റേഷനുകളില്‍നിന്നും യൂട്യൂബ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍നിന്നും ലഭിക്കുന്ന റോയല്‍റ്റി വഴി ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ഗായകരായ മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, വിധു പ്രതാപ്, ജ്യോത്സ്‌ന, പ്രദീപ് പള്ളുരുത്തി, സുധിപ് കുമാര്‍, വിപിന്‍ സേവ്യര്‍, ഗണേഷ് സുന്ദരം തുടങ്ങി നിരവധി പിന്നണി ഗായകര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com