യുവനടി മീനാക്ഷിയെ കഴുത്തറുത്തു കൊന്ന കേസ് : ജൂനിയർ താരങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ 

ബോളിവുഡിലെ ജൂനിയർ താരങ്ങളായ അമിത്കുമാര്‍ ജയ്‌സ്വാള്‍, പ്രീതി സുരിന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
യുവനടി മീനാക്ഷിയെ കഴുത്തറുത്തു കൊന്ന കേസ് : ജൂനിയർ താരങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ 

മുംബൈ : യുവനടി മീനാക്ഷി ഥാപ്പയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതികളായ ജൂനിയർ താരങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.  മുംബൈ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  ബോളിവുഡിലെ ജൂനിയർ താരങ്ങളായ അമിത്കുമാര്‍ ജയ്‌സ്വാള്‍, പ്രീതി സുരിന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

2012 ലാണ് നേപ്പാൾ സ്വദേശിനിയായ മീനാക്ഷി ഥാപ്പ കൊല്ലപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണില്‍ നിന്നും മുബൈയിലെത്തി ബോളിവുഡില്‍ ചുവടുറപ്പിച്ചുവരികയായിരുന്ന മീനാക്ഷി ഥാപ്പ(27)യുടെ തലയില്ലാത്ത ശരീരം യുപിയിലെ അലഹബാദിലാണ് കണ്ടെത്തിയത്. താൻ സമ്പന്ന കുടുംബാം​ഗമാണെന്നും, നേരംപോക്കിനാണ് സിനിമയിൽ അഭിനയിക്കുന്നതെന്നുമായിരുന്നു മീനാക്ഷി പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച അമിതും കാമുകി പ്രീതിയും മീനാക്ഷിയിൽ നിന്ന് പണം തട്ടാൻ പദ്ധതി തയ്യാറാക്കി. 

ഭോജ്പുരി സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് മീനാക്ഷിയെ ബന്ദിയാക്കിയ പ്രതികൾ മോചനദ്രവ്യമായി പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.  എന്നാല്‍, 60,000 രൂപ നൽകാനേ വീട്ടുകാർക്ക് കഴിഞ്ഞുള്ളൂ. കുപിതരായ പ്രതികള്‍ മീനാക്ഷിയെ തലയറുത്ത് കൊലപ്പെടുത്തുകയും ജഡം വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മുംബൈയിലേയ്ക്കുള്ള യാത്രാമധ്യേ തല ബസ്സിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.

ഇതിനിടെ മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 46,000 രൂപ അവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. 2012 ഏപ്രില്‍ 12ന് മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് വീണ്ടും പണം പിന്‍വലിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലാവുന്നത്. കരീനാ കപൂര്‍ നായികയായ 'ഹീറോയിന്‍' എന്ന മധുര്‍ ഭണ്ഡാര്‍ക്കർ സിനിമയിൽ  ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച മീനാക്ഷി ഏതാനും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹീറോയിനിൽ മീനാക്ഷിക്കൊപ്പം, അമിതും പ്രീതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com