നടന്‍ കലാശാല ബാബു അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 14th May 2018 07:42 AM |
Last Updated: 14th May 2018 07:42 AM | A+A A- |

കൊച്ചി: ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു.
കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി.
തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലന്‍, കണിശക്കാരനായ കാരണവര്‍ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്കു പരിചിതനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി, വിശ്വനാഥന്‍.