സോനം- ആനന്ദ് വിവാഹം തലപ്പാവ് വിവാദത്തില്‍; വിവാഹത്തിനെതിരേ സിഖ് മതവിശ്വാസികള്‍

വിവാഹചടങ്ങുകള്‍ ശരിയായി പാലിക്കാതെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഒരു കൂട്ടം സിഖ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്
സോനം- ആനന്ദ് വിവാഹം തലപ്പാവ് വിവാദത്തില്‍; വിവാഹത്തിനെതിരേ സിഖ് മതവിശ്വാസികള്‍

സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹം ബോളിവുഡില്‍ വലിയ ആഘോഷമായിരുന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം സോനം തിരക്കുകളിലേക്ക് മടങ്ങിയെങ്കിലും വിവാഹം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. വിവാഹത്തിനെതിരേ സിഖ് മതവിശ്വാസികളാണ് രംഗത്തെത്തിയിരിക്കുന്നത്. 

മെയ് എട്ടിന് മുംബൈയില്‍വെച്ചായിരുന്നു സോനത്തിന്റെ വിവാഹം. സിഖ് മതവിശ്വാസപ്രകാരമായിരുന്നു വിവാഹം. എന്നാല്‍ വിവാഹചടങ്ങുകള്‍ ശരിയായി പാലിക്കാതെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഒരു കൂട്ടം സിഖ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചടങ്ങുകള്‍ക്കിടയില്‍ തലപ്പാവില്‍ അണിഞ്ഞിരിക്കുന്ന പതക്കം അഴിച്ചുവെക്കാത്തതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 

വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ആണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. സിഖ് മതാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം എന്നാണ്. 

എന്നാല്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച എസ്ജിപിസി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും തന്നെ ഇവ അഴിച്ചു മാറ്റാത്തതിനാല്‍ പരാതി അകാല്‍ തക്തിന് മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് നേതൃത്വം നല്‍കിയ എസ്ജിപിസി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ടോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com