കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ വില്ലന്‍; ആക്കിയതല്ല, ആയതാണെന്ന് നിര്‍മാതാവ്

ഉള്‍നാടന്‍ മീന്‍ പിടിത്തമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അങ്ങനെയൊന്ന് ആദ്യമായി മലയാളത്തില്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ വില്ലന്‍; ആക്കിയതല്ല, ആയതാണെന്ന് നിര്‍മാതാവ്

ലയാളത്തിലെ വിജയ കൂട്ടുകെട്ടായ ദിലീഷ് പോത്തന്‍, ശ്യം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ. എന്നാല്‍ ഇത്തവണ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതുവരെ കണ്ടിട്ടുള്ള വേഷങ്ങളില്‍ നിന്ന് മാറിയാണ് മൂന്ന് പേരും എത്തുന്നത്. സംവിധായകനും നടനുമായ ദിലീഷ് പോത്തനും തിരക്കഥാകൃത്തായ ശ്യം പുഷ്‌കരനും നിര്‍മാതാവാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത് വില്ലനായാണ്. 

ഫഹദ് ഫാസിലിനെ ആരും വില്ലനാക്കിയതല്ലെന്നും അദ്ദേഹം ആയതാണെന്നുമാണ് ശ്യം പുഷ്‌കരന്‍ പറയുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആ റോള്‍ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യം പുഷ്‌കരന്‍ പറഞ്ഞു. നാലു സഹോദരന്മാരാണ് ചിത്രത്തിലെ നായകന്മാര്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, പുതുമുഖ താരമായ മാത്യു തോമസ് എന്നിവരാണ് സഹോദരന്മാരായി എത്തുന്നത്. നായികയെ ഓഡിഷനിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രശസ്തമായ കുമ്പളങ്ങിക്കഥകളുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നും സ്വന്തം നാടിനെക്കുറിച്ചുള്ള ചിത്രം ചെയ്യണമെന്ന ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ശ്യും പറഞ്ഞു. 'എന്റെ നാട് കുമ്പളങ്ങിയാണ്. സ്വന്തം നാടിനെക്കുറിച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം ഒരുപാട് നാളായി മനസിലുണ്ട്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്നും മാത്രം.' ഉള്‍നാടന്‍ മീന്‍ പിടിത്തമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അങ്ങനെയൊന്ന് ആദ്യമായി മലയാളത്തില്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാസ്യരസപ്രാധാന്യമുള്ള ഫാമിലി ഡ്രാമയായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ്. 

ദിലീഷ് പോത്തനും ശ്യം പുഷ്‌കരനും ചേര്‍ന്നുള്ള നിര്‍മാണ കമ്പനിക്ക് വര്‍ക്കിങ് ക്ലാസ് ഹീറോസ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഈ പേരില്‍ തൊഴിലാളി മുതലാളി പ്രശ്‌നമൊന്നുമില്ലെന്നും ജോണ്‍ ലെനന്റ് വിഖ്യാതമായ ഗാനത്തിലെ വരികളില്‍ നിന്നാണ് പേര് കണ്ടെത്തിയതെന്നും ശ്യം വ്യക്തമാക്കി. തനിക്ക് ദിലീഷിനും ഫഹദിനും ഏറെ ഇഷ്ടപ്പെട്ട ഗാനമാണിതെന്നാണ് അദ്ദേഹം പറയുന്നത്. 

ഫഹദ് ഫാസിലിന്റെ നിര്‍മാണ കമ്പനിയായ ഫഹദ് ഫാല്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറിനൊപ്പം ചേര്‍ന്നാണ് നിര്‍മാണം. നവാഗതനായ  മധു. സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ ആരംഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com