'അവന്റെ കൈപിടിച്ച് ഞാന്‍ മുന്നിലേക്ക് കൊണ്ടുവന്നു, അവന് 15 വയസുമാത്രമായിരുന്നു പ്രായം'; ലൈംഗിക അതിക്രമത്തെക്കുറിച്ച് സുസ്മിത

പൊതു സ്ഥലത്തു വെച്ച് 15 വയസുള്ള കുട്ടിയാണ് സുഷ്മിതയെ അക്രമിച്ചത്
'അവന്റെ കൈപിടിച്ച് ഞാന്‍ മുന്നിലേക്ക് കൊണ്ടുവന്നു, അവന് 15 വയസുമാത്രമായിരുന്നു പ്രായം'; ലൈംഗിക അതിക്രമത്തെക്കുറിച്ച് സുസ്മിത

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. സംരക്ഷണം ഒരുക്കാന്‍ ചുറ്റും എത്ര പേര്‍ നിന്നാലും ശരീരത്തെ ലക്ഷ്യമാക്കി കൈകള്‍ നീണ്ടുവരും. സാധാരണ സ്ത്രീകള്‍ക്ക് മാത്രമല്ല താരപ്രഭയില്‍ നില്‍ക്കുന്ന പ്രശസ്തരായവര്‍ക്കു പോലും ഇതില്‍ നിന്ന് രക്ഷയുണ്ടാവില്ല. അത്തരത്തിലുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താര സുന്ദരി സുസ്മിത സെന്‍.

പൊതു സ്ഥലത്തു വെച്ച് 15 വയസുള്ള കുട്ടിയാണ് സുഷ്മിതയെ അക്രമിച്ചത്. അവനെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഇനി ഒരിക്കലും ആരോടും ഇത് ചെയ്യില്ലെന്ന് അവനെക്കൊണ്ട് സത്യം ചെയ്യിച്ചെന്നും അവര്‍ വ്യക്തമാക്കി. ബോഡിഗാര്‍ഡും മറ്റ് സുരക്ഷയുമൊക്കെ ഉള്ളതിനാല്‍  ഞങ്ങളെ തൊടാന്‍  മടിക്കുമെന്ന് ആളുകള്‍ക്കെല്ലാം ഒരു ധാരണ ഉണ്ട്. പക്ഷേ പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുമെന്നും സുഷ്മിത വ്യക്തമാക്കി. 

ഈ പ്രായത്തില്‍ പോലും തനിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് താരം സംഭവം വിവരിച്ചത്. 'ഒരു ആറുമാസം മുന്‍പാണ് അത് സംഭവിച്ചത്. ഞാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി അവനെന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍. എന്റെ പിറകില്‍ നില്‍ക്കുകയായിരുന്ന അവന്റെ കൈപിടിച്ച് മുന്നിലേക്ക് കൊണ്ടുവന്നു. 

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി..ഒരു കൊച്ചു കുട്ടി. സാധാരണ ഇത്തരം ഒരു മോശം പ്രവൃത്തി ഉണ്ടായാല്‍ ഞാന്‍ അതിനെതിരേ നടപടി എടുക്കേണ്ടതാണ്. പക്ഷേ അവന് വെറും പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചു കൊണ്ട് മുന്നോട്ടുനടന്നു. കാണുന്നവര്‍ കരുതിയത് ഞാന്‍ അവനോടു സംസാരിക്കുകയാണെന്നാണ്. 'ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും' എന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ അവന്‍ തയാറായില്ല. തെറ്റ് ചെയ്താല്‍ അത് സമ്മതിക്കണമെന്ന് പറഞ്ഞ് ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ അവന്‍ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.

ഇത്തരം പ്രവര്‍ത്തികള്‍ വിനോദമല്ലെന്നും വലിയ തെറ്റാണെന്നും അതിന് ഒരുപക്ഷേ ജീവിതത്തിന്റെ തന്നെ വില നല്‍കേണ്ടി വരുമെന്നും ഒരു പതിനഞ്ച് വയസുകാരനെ പഠിപ്പിച്ചിട്ടില്ല. പക്ഷേ നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പുരുഷന്മാര്‍ ഇന്ന് വളരെ ഭീകരമായ കൂട്ടബലാത്സംഗങ്ങളിലും മറ്റും വിനോദം കണ്ടെത്തുന്നു. അവരെ തൂക്കിലേറ്റണം. യാതൊരു ദാക്ഷിണ്യമോ സംശയമോ കൂടാതെ തന്നെ...അതില്‍ ദയയുടെ ഒരു പരിഗണന പോലും നല്‍കേണ്ടതില്ല' ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സുസ്മിത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com