ആളുകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു: റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതി സ്‌റ്റേ

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കേസില്‍ യാതൊരു അഭിപ്രായവും പറയാന്‍ തയ്യാറല്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ അറിയിച്ചു. 
ആളുകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു: റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതി സ്‌റ്റേ

ളുകളുടെ ജീവിതപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ ടിവി ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രം അരുവി ടെലിവിഷന്‍ ചാനലുകളിലെ ഈ പ്രവണതയെ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടിയിരുന്നു. 

മലയാളത്തിലെ കഥ അല്ലിതു ജീവിതം, കൈരളിയിലെ കഥ ഇതുവരെ തുടങ്ങിയ ഷോകള്‍ ഇതേ പാറ്റേണിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് സമാനമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ അവതാരകയായെത്തുന്ന പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. 'സീ തമിഴ്' എന്ന ചാനലിലാണ് ഇത് അവതരിപ്പിക്കുന്നത്.

സാധാരണക്കാരുടെ ജീവിതം കച്ചവട താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അവരെ അപമാനിക്കുന്നുവെന്നും കാണിച്ച് ഈ പരിപാടിക്കെതിരെ തുടക്കം മുതലേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോള്‍ വിരുദ് നഗര്‍ സ്വദേശിയായ കല്ല്യാണ സുന്ദരം എന്നയാള്‍ ഷോയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആളുകളുടെ സ്വകാര്യത മാനിക്കാതെ എല്ലാവിധ വ്യക്തിഗത പ്രശ്‌നങ്ങളും പരസ്യമായി ചര്‍ച്ചചെയ്യുന്നു എന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തത്.

'പരിപാടിയില്‍ പങ്കെടുക്കുന്നവരോട് ഉത്തരം പറയുന്ന വരെ ചോദ്യം ചെയ്തും വെര്‍ബല്‍ ആയി അപമാനിച്ചുമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചിലസമയങ്ങളില്‍ പരിപാടിക്കിടെ ശാരീരിക അക്രമങ്ങളും സംഭവിക്കാറുണ്ട്'- കല്ല്യാണ സുന്ദരം തന്റെ പെറ്റീഷനില്‍ വ്യക്തമാക്കുന്നു. 

പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും ചാനല്‍ അധികൃതര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധരനും ജസ്റ്റിസ് കൃഷ്ണവല്ലിയും അടങ്ങിയ ബെഞ്ച് കേസ് ജൂണ്‍ 18ലേക്ക് മാറ്റിവെച്ചു. ഷോയ്ക്ക് ജൂണ്‍ 18 വരെ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കേസില്‍ യാതൊരു അഭിപ്രായവും പറയാന്‍ തയ്യാറല്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com