'ആ ദിവസങ്ങളില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, ആ വലിയ ശൂന്യതയില്‍ ഉപേക്ഷിച്ചത് 33 ചിത്രങ്ങള്‍'; വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍ 

എല്ലാദിവസവും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നതായും പ്രമുഖ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍
'ആ ദിവസങ്ങളില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, ആ വലിയ ശൂന്യതയില്‍ ഉപേക്ഷിച്ചത് 33 ചിത്രങ്ങള്‍'; വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍ 

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ പരാജയമായിരുന്നുവെന്ന് ചിന്തിച്ചിരുന്നതായും എല്ലാദിവസവും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നതായും പ്രമുഖ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. ചലച്ചിത്രലോകത്ത് താഴെത്തട്ടില്‍ നിന്നുകൊണ്ട് സംഗീത ജീവിതം ആരംഭിച്ചത് തന്റെ മുകളിലോട്ടുളള വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നതായും അദ്ദേഹം പറഞ്ഞു. 

25 വയസ് ആകുന്നത് വരെയാണ് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നത്. 'അച്ഛന്റെ മരണം വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ഇതിന്റെ ഫലമായി ഞങ്ങള്‍ നല്ലനിലയിലല്ല ജീവിക്കുന്നത് എന്നുവരെ മറ്റുളളവര്‍ ധരിച്ചിരുന്നു. ഞങ്ങള്‍ക്ക് ചുറ്റും നിരവധി കാര്യങ്ങള്‍ സംഭവിച്ചു.' എന്നാല്‍ ഇതെല്ലാം ഭയമില്ലാതെ എന്തിനെയും സമീപിക്കാന്‍ തന്നെ പാകപ്പെടുത്തിയതായി എ ആര്‍ റഹ്മാന്‍ പറഞ്ഞു. 

'മരണം ഒരു അനിവാര്യമായ കാര്യമാണ്. നമ്മള്‍ സൃഷ്ടിച്ചത് എന്തായാലും അതിന് അവസാനമുണ്ട്.' പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നും റഹ്മാന്‍ ചോദിച്ചു.അച്ഛന്‍ മരിച്ചശേഷം കുറെക്കാലത്തേയ്ക്ക് കൂടുതല്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. 35 സിനിമകള്‍ ലഭിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇങ്ങനെപോയാല്‍ എങ്ങനെ അതിജീവിക്കും എന്ന് വരെ നിരവധിപ്പേര്‍ ചോദിച്ചു. ചെന്നൈയില്‍ സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

മുംബൈയില്‍ കൃഷ്ണ ട്രിലോക് എഴുതിയ തന്റെ ആത്മകഥ സ്പര്‍ശമായ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് റഹ്മാന്‍ വികാരാധീനനായി സംസാരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com