ചാന്‍സിനായി അലഞ്ഞപ്പോള്‍ വണ്ടിക്കാശ് തന്നത് ജെസ്സി; പണത്തിനായി സിനിമയിലെത്തി: വിജയ് സേതുപതി

ചാന്‍സിനായി അലഞ്ഞപ്പോള്‍ വണ്ടിക്കാശ് തന്നത് ജെസ്സി - പണത്തിനായി സിനിമയിലെത്തി: വിജയ് സേതുപതി
ചാന്‍സിനായി അലഞ്ഞപ്പോള്‍ വണ്ടിക്കാശ് തന്നത് ജെസ്സി; പണത്തിനായി സിനിമയിലെത്തി: വിജയ് സേതുപതി

ചെന്നൈ: പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയെത്തിയതെന്ന് നടന്‍ വിജയ് സേതുപതി. സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നുവെന്നും പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞു.

'കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിട്ട് അച്ഛന്റെ കടം കുറച്ചൊക്കെയേ വീട്ടിയിരുന്നുള്ളൂ.''ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, 'നമുക്ക് കല്യാണം കഴിച്ചാലോ' എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞെന്നും സേതുപതി പറയുന്നു.

'മൂന്ന്  വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ വിവാഹം. നിശ്ചയത്തിന്റെ അന്നാണ് നേരില്‍ക്കാണുന്നത്. പിന്നെ ഗള്‍ഫിലേക്ക് പോയില്ല. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയത്. ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ ശരിയാണ്. സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ല.

'കുറച്ചുനാളുകള്‍ക്കകം ജെസി ഗര്‍ഭിണിയായി. തിരിച്ച് ഗള്‍ഫിലേക്ക് പോകാതിരുന്നാല്‍ നിരാശ തോന്നിത്തുടങ്ങി. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോര്‍ത്ത് ഭയവും. പക്ഷേ അപ്പോഴേക്കും ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി.  അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെയ്‌ക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും അവള്‍ പറഞ്ഞു. പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള കാശ് പോക്കറ്റില്‍ വെച്ചുതരുമായിരുന്നു- സേതുപതി പറഞ്ഞു. 

മോനുണ്ടായിക്കഴിഞ്ഞ സമയത്താണ് സിനിമയില്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നും സപ്പോര്‍ട്ട് തന്ന് കൂടെ നിന്നത് ജെസിയാണ്. 96 ഏറ്റവുമിഷ്ടപ്പെട്ടതും ജെസിക്കാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.'സിനിമ മിക്കപ്പോഴും റിസ്‌ക് കളിയാണ്. ഒരു സിനിമയുടെ പരാജയത്തിന്റെ കടമെല്ലാം അടുത്ത സിനിമയില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നാണ് നിര്‍മാതാവ് വിചാരിക്കുന്നത്. സിനിമ തിയറ്ററിലെത്തിയാലേ അത് സാധിക്കൂ. '96' തിയറ്ററിലെത്തിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് എന്നറിഞ്ഞപ്പോള്‍ ഇത്ര നല്ല സിനിമ പ്രേക്ഷകര്‍ക്ക് കിട്ടാതെ പോകുന്നതില്‍ വിഷമം തോന്നി. പണമാണോ സിനിമയാണോ മുഖ്യമാണ് എന്ന് എന്നോടുതന്നെ ചോദിച്ചു. 

സിനിമയാണ് എനിക്ക് എന്തിനേക്കാളും വലുത്. ഇപ്പോള്‍ ഞാനനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം സിനിമ തന്നതാണ്. അതുകൊണ്ടാണ് പ്രതിഫലത്തുകയും കുറച്ചധികം പണവും തിരിച്ചുനല്‍കിയത്. ഞാന്‍ നല്‍കിയ മൂന്ന് കോടിയേക്കാള്‍ പല കോടി സ്‌നേഹം തിരിച്ചുകിട്ടുമ്പോള്‍ ആ തീരുമാനം ശരിയാണെന്ന് തോന്നുന്നു. സിനിമയുടെ മൂല്യം അറിയാതിരുന്നാല്‍ ഞാനൊരു നടനാകാന്‍ യോഗ്യനല്ലെന്നും സേതുപതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com