'ഇത്തിക്കരപ്പക്കിയാവാന്‍ അങ്ങനെയൊരാള്‍ വേണമായിരുന്നു'; കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് നിവിന്‍ പോളി

'ഒരു പുതുമുഖത്തിനെയോ മറ്റൊരു നടനെയോ വെച്ച് ഇത്തിക്കരപ്പക്കിയെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല'
'ഇത്തിക്കരപ്പക്കിയാവാന്‍ അങ്ങനെയൊരാള്‍ വേണമായിരുന്നു'; കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് നിവിന്‍ പോളി

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അതിഥിയായി എത്തിയ ഇത്തിക്കരപ്പക്കിയാണ്. മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെയാണ് പക്കിയ്ക്ക് ഗുണമായത്. മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിക്ക് പിന്നില്‍ നിവിന്റെ കായംകുളം കൊച്ചുണ്ണി ഒതുങ്ങിപ്പോയെന്നു വരെ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ വിജയം മാത്രമായിരുന്നു ലക്ഷ്യമെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് നിവിന്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചുണ്ണിയെക്കുറിച്ച് നിവിന്‍ പറഞ്ഞത്. 

മോഹന്‍ലാലിനെപ്പോലെ വലിയ ഒരു താരത്തെ തന്നെയാണ് ചിത്രത്തിനായി വേണ്ടിയിരുന്നത്. ഒരു പുതുമുഖത്തിനെയോ മറ്റൊരു നടനെയോ വെച്ച് ഇത്തിക്കരപ്പക്കിയെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല എന്നാണ് നിവിന്‍ പറയുന്നത്. കൊച്ചുണ്ണിയെ രക്ഷിച്ച് പരിശീലനം നല്‍കി ഗ്രാമത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതിലൂടെ ഗ്രാമത്തിന്റെ രക്ഷകനായാണ് പക്കിയെ കാണിക്കുന്നത്. ശക്തിയും അധികാരവുമുള്ള ആളെ നേതാവായി കാണിച്ചാലോ പ്രേക്ഷകര്‍ക്ക് കൊച്ചുണ്ണിയുടെ ശക്തി മനസിലാകൂ. അതിന് സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ താരത്തെ തന്നെയാണ് വേണ്ടിയിരുന്നത്. നിവിന്‍ വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത് വിജയമായതോടെ മലയാളം സിനിമ മേഖലയിലേക്ക് പണം മുടക്കാന്‍ നിരവധി പേര്‍ക്ക് പ്രചോദനമായെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നെ പ്രധാന കഥാപാത്രമാക്കി വലിയ ബജറ്റില്‍ ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ അതിനെ എങ്ങനെയും പൊളിയാതെ നോക്കണം എന്നായിരുന്നു തന്റെ ആഗ്രഹിച്ചതെന്നും താരം. എല്ലാ സിനിമയിലും എല്ലാ വര്‍ഷവും നമ്മള്‍ ആരാണെന്ന് തെളിയിക്കേണ്ടതില്ല എന്നാണ് നിവിന്‍ പറയുന്നത്. നടന്‍ എന്ന നിലയില്‍ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രൊജക്റ്റുകള്‍ പതിയെ നമ്മുടെ അടുത്തേക്ക് വരും. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള സംവിധായകരുടെ ചിത്രവും തിരക്കഥകളുമാണ് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സിനിമ മേഖലയില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന മീടുവിനെക്കുറിച്ചും നിവിന്‍ മനസ് തുറന്നു. മൂടൂ വെളിപ്പെടുത്തലുകള്‍ സിനിമയുടെ പ്രവര്‍ത്തന സാഹചര്യത്തെ ബാധിച്ചില്ലെന്നാണ് താരം പറയുന്നത്. ഉദ്ദേശം നല്ലതാണെങ്കില്‍ മൂവ്‌മെന്റ് ഇന്റസ്ട്രിക്ക് ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com