കോമളവല്ലിയെ മാറ്റണം ; സര്‍ക്കാരിനെതിരെ പ്രതിഷേധം, പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു

ഇളയദളപതി വിജയിന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ
കോമളവല്ലിയെ മാറ്റണം ; സര്‍ക്കാരിനെതിരെ പ്രതിഷേധം, പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു

ചെന്നൈ : ഇളയദളപതി വിജയിന്റെ പുതിയ ചിത്രം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ. കോയമ്പത്തൂര്‍, മധുരൈ എന്നിവിടങ്ങളിലാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിച്ചു. 

ഭരണകക്ഷിയായ എഐഎഡിഎംകെയെ സിനിമയില്‍ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് എഐഎഡിഎംകെയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങല്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇന്നലെ തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ സിനിമയില്‍ കോമളവല്ലി എന്ന കഥാപാത്രവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. 

ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഉടന്‍ തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് കടമ്പൂര്‍ രാജുവിന് പിന്നാലെ മന്ത്രിമാരായ അമ്പഴകന്‍, സിവി ഷണ്‍മുഖന്‍, ഡി ജയകുമാര്‍, എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ സ്വയം നീക്കിയില്ലെങ്കില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. 

അതേസമയം ചെന്നൈയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതിഷേധം ഭയന്ന് സിനിമാ തിയേറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് തീയേറ്റര്‍ പരിസരത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഐഎഡിഎംക നേതാവിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്നയാള്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com