ജൂലിയസ് സീസര്‍ എംടി എഴുതാനിരുന്നതാണ്; നടക്കാതെ പോയ ആ സിനിമയെ പറ്റി സിബി മലയില്‍

'ജൂലിയസ് സീസര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. വലിയൊരു പ്രൊജക്ട് ആയിരുന്നു അത്
ജൂലിയസ് സീസര്‍ എംടി എഴുതാനിരുന്നതാണ്; നടക്കാതെ പോയ ആ സിനിമയെ പറ്റി സിബി മലയില്‍

കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന രണ്ടാമൂഴം അനിശ്ചിതത്വത്തിലിരിക്കെ എംടിയുടെ തിരക്കഥയില്‍ ജൂലിയസ് സീസര്‍ എന്ന പ്രൊജക്ട് നടക്കാത്തതിനെ തുറന്ന് പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍. ആ സിനിമ നടക്കാത്ത സാഹചര്യത്തിലാണ് സദയം എന്ന ചിത്രം സംവിധാനം ചെയ്തതെന്നും സിബി മലയില്‍ പറഞ്ഞു. പ്രൊജക്ടിനെ പറ്റി സിബി മലയിലിന്റെ വാക്കുകള്‍ 'ജൂലിയസ് സീസര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. വലിയൊരു പ്രൊജക്ട് ആയിരുന്നു അത്. എഴുതുന്നതിന് മുന്‍പു വരെയുള്ള കാര്യങ്ങളും ലൊക്കേഷന്‍ വരെയും തീരുമാനിച്ചു. എന്നാല്‍ ആ കാലത്ത് അങ്ങനെയൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും എന്നൊരു സംശയം വന്നു. കേരളത്തില്‍ മാത്രമായി അതിന് മാര്‍ക്കറ്റ് ഉണ്ടാകുമോ എന്നതായിരുന്നു ഞങ്ങള്‍ക്കു മുന്നിലെ ചോദ്യം. അങ്ങനെ ആ പ്രൊജക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു'. പിന്നീട് ചെറിയ ബജറ്റില്‍ ചെയ്യാവുന്ന സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് സദയം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയതെന്ന് സിബി മലയില്‍ പറഞ്ഞു.

ഏറെ പരിഭ്രമത്തോടെയായിരുന്നു എംടിയുടെ തിരക്കഥ ഏറ്റെടുത്തത്. അതിനുള്ള പ്രധാന കാരണം ഇതിഹാസതുല്യനായ ഒരു എഴുത്തുകാരന്റെ തിരക്കഥയെ ദൃശ്യവത്ക്കരിക്കാനുള്ള ആളായി ഞാന്‍ വളര്‍ന്നിട്ടുണ്ടോ എന്നതായിരുന്നു. എന്റെ പരമാവധി ഇന്‍പുട്ട് ഞാന്‍ ആ ചിത്രത്തിന് നല്‍കി. അതുകൊണ്ട് തന്നെ എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയേതെന്ന ചോദ്യത്തിന് സദയമെന്നാണ് ഉത്തരമെന്ന് സിബി മലയില്‍ പറഞ്ഞു. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് എംടി വാസുദേവന്‍ നായര്‍ക്ക് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

എം.ടി. സര്‍ വന്നു ഷൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത ഭാഗങ്ങളും കാണുമ്പോള്‍ ഞാന്‍ വലിയ ടെന്‍ഷനില്‍ ആയിരുന്നെന്നും സിബി പറയുന്നു. അദ്ദേഹത്തോടൊപ്പം സിനിമ കാണുമ്പോള്‍ ആ ഭയപ്പാട് ഞാന്‍ അനുഭവിച്ചിരുന്നു. അദ്ദേഹം നെഗറ്റീവ് ഒന്നും പറഞ്ഞില്ല. അതു തന്നെയായിരുന്നു എന്റെ ആശ്വാസം. 
എംടിക്ക മുന്നില്‍ ലാല്‍ ആയാലും ഞാന്‍ ആയാലും വളരെ ജൂനിയര്‍ ആയിട്ടുള്ള ആളുകളാണ്. അദ്ദേഹത്തിന്റെ കഥകളും സിനിമകളുമൊക്കെ കണ്ട് വളര്‍ന്നവരാണ്. അദ്ദേഹം ഉള്‍ക്കൊണ്ട ഒരു കാര്യത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. മോഹന്‍ലാല്‍ ആ ഒരു ആവേശത്തില്‍ തന്നെയാണ് ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്. അദ്ദേഹം വലിയ ആവേശത്തിലായിരുന്നു. അക്കാലത്ത് ലാല്‍ ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വേഷം ചെയ്യാന്‍ പറ്റുന്ന ഒരു അവസരമായിരുന്നു സദയത്തിലൂടെ ലഭിച്ചതെന്നും സിബി മലയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com