സര്‍ക്കാര്‍ കുതിക്കുന്നു; നാലുദിനത്തില്‍ നേടിയത് 150 കോടി; ബാഹുബലിയെ മറികടക്കുമോ

ചിത്രം റിലിസായി നാലുദിനം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടി നേടിക്കഴിഞ്ഞു
സര്‍ക്കാര്‍ കുതിക്കുന്നു; നാലുദിനത്തില്‍ നേടിയത് 150 കോടി; ബാഹുബലിയെ മറികടക്കുമോ

വിവാദങ്ങള്‍ വിജയ് ചിത്രം സര്‍ക്കാരിന്റെ വിജയക്കുതിപ്പിന് തടസ്സമാകുന്നില്ല. ചിത്രം റിലിസായി നാലുദിനം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടി നേടിക്കഴിഞ്ഞു. വിജയുടെ തന്നെ 'തെരി'യെ പിന്നിലാക്കിയാണ് 'വിജയ'ക്കുതിപ്പ്. 

റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഈ ചിത്രത്തിന് മുന്നില്‍ തകരുകയാണ്. സര്‍ക്കാര്‍ റീലീസ് ചെയ്ത് ആദ്യദിനം തന്നെ തമിഴ്‌നാട്ടില്‍ നിന്നു നേടിയത് 30.5 കോടിയാണ്. ആദ്യദിനം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണിത്. സംസ്ഥാനത്ത് 650 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

ഇന്ത്യയിലെ ആകെ കളക്ഷന്‍ പരിഗണിച്ചാല്‍ ആദ്യദിനം സര്‍ക്കാര്‍ നേടിയത് 47.85 കോടിയാണ്. ഇക്കാര്യത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ 'സഞ്ജു'വിനെയാണ് സര്‍ക്കാര്‍ മറികടന്നത്. ആദ്യദിനം 34.75 കോടിയാണ് 'സഞ്ജു' നേടിയത്. സഞ്ജു ഇന്ത്യയില്‍ മാത്രം 4000 തിയേറ്ററുകളിലായിരുന്നു റിലീസ് ചെയ്തതെങ്കില്‍ സര്‍ക്കാര്‍ ഇന്ത്യയിലും വിദേശത്തുമായി 3400 തിയേറ്ററുകളിലാണ് റീലീസ് ചെയ്തത്.
കേരളത്തിലെ വിജയ് ആരാധകര്‍ക്കുമുണ്ട് സന്തോഷവാര്‍ത്ത. സംസ്ഥാനത്ത് ആദ്യദിനം ചിത്രം നേടിയത് 6.6 കോടിയാണ്. ബാഹുബലിയുടെ കേരളത്തിലെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടന്നാണ് ഈ നേട്ടം. ബാഹുബലി രണ്ടാം ഭാഗം ആദ്യദിനം കേരളത്തില്‍ നിന്നു നേടിയത് 5.5 കോടിയാണ്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്ന ചിത്രവും സര്‍ക്കാര്‍ സ്വന്തമാക്കി.

അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ ആദ്യദിനം സര്‍ക്കാര്‍ നേടിയത് 6.1 കോടിയാണ്. ആദ്യദിന കളക്ഷന്‍ പരിഗണിച്ചാല്‍ രജനീകാന്തിന്റെ കബാലി മാത്രമാണ് കര്‍ണാടകയില്‍ സര്‍ക്കാരിനു മുന്നിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com