ഏറ്റവും പ്രതീക്ഷയുയര്‍ത്തുന്ന ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് 'ഒടിയന്‍': നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഒടിയന്‍ നേടിയത്.
ഏറ്റവും പ്രതീക്ഷയുയര്‍ത്തുന്ന ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് 'ഒടിയന്‍': നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

ലയാളികള്‍ വളരെയേറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മോഹന്‍ലാല്‍- മഞ്ജുവാര്യര്‍ ചിത്രമാണ് ഒടിയന്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഇതുമായി ബന്ധപ്പെട്ട ഓരോ കുഞ്ഞു വിവരങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഒടിയന്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഒടിയന്‍ നേടിയത്. ഐഎംഡിബിയുടെ റെക്കോഡിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട്  മഞ്ജുവാര്യര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി നന്ദിപ്രകടനം നടത്തിയത്. 

ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. രജനീകാന്ത്- ശങ്കര്‍ ടീമിന്റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ആണ് രണ്ടാം സ്ഥാനത്ത്. ഷാരുഖിന്റെ സീറോയാണ് മൂന്നാമത്തെ ചിത്രം.

ഇന്നലെ പുറത്തിറങ്ങിയ 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഒടിയനിലെ ആദ്യഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ട് ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. ഡിസംബര്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. ശ്രീകുമാര്‍ മേനോന്‍ ആണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹരികൃഷണനാണ് തിരക്കഥയെഴുതുന്നത്.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com