'മമ്മൂട്ടിയും മോഹന്‍ലാലും സൈക്കിളില്‍ പെടക്കണ ചാള വില്‍ക്കുന്ന കാലം വരും', ധര്‍മജന്‍ അംബാനിയെപ്പോലെ; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി സലീംകുമാര്‍( വീഡിയോ) 

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബി' ന്റെ പുതിയ ഫ്രാഞ്ചൈസി ഉദ്ഘാടനത്തില്‍ നര്‍മ്മം വിതറി നടന്‍ സലീംകുമാര്‍
'മമ്മൂട്ടിയും മോഹന്‍ലാലും സൈക്കിളില്‍ പെടക്കണ ചാള വില്‍ക്കുന്ന കാലം വരും', ധര്‍മജന്‍ അംബാനിയെപ്പോലെ; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി സലീംകുമാര്‍( വീഡിയോ) 

ടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബി' ന്റെ പുതിയ ഫ്രാഞ്ചൈസി ഉദ്ഘാടനത്തില്‍ നര്‍മ്മം വിതറി നടന്‍ സലീംകുമാര്‍. കൊച്ചി വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. രമേഷ് പിഷാരടിയും കലാഭവന്‍ പ്രസാദും സംയുക്തമായാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

'പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടന്‍ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്ന് ഞാന്‍ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. നിങ്ങളുടെ എല്ലാവിധ പിന്തുണയും ഇവര്‍ക്ക് ആവശ്യമാണ്.'  സലീം കുമാറിന്റെ ഈ വാക്കുകള്‍ സദസ്സില്‍ പൊട്ടിച്ചിരിയാണ് സൃഷ്ടിച്ചത്. 

'ധര്‍മൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. ഇവിടെ വന്ന് വിലവിവരങ്ങളൊക്കെ അന്വേഷിക്കുന്നത് കേട്ടു. നാദിര്‍ഷായും ദിലീപും കൂടി കളമശേരിയില്‍ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിനു ഇറങ്ങുകയാണ്.'

'ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല്‍ ഭാവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ നടന്ന പൂയ്..പെടക്കണ ചാളയുണ്ട് എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിനു തുടക്കം കുറിച്ച ധര്‍മജനും ധര്‍മജന്റെ പാത തുടരുന്ന പിഷാരടിക്കും പ്രസാദ് ഏട്ടനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു' സലീം കുമാറിന്റെ പ്രസംഗം തീര്‍ന്നപ്പോളും കൂട്ടച്ചിരി അവസാനിച്ചില്ല.

'കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പതിനൊന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ കൃത്യം നാലുമാസം പിന്നിടുമ്പോള്‍ നാലാമത്തെ ഷോപ്പിന്റെ ഉദ്ഘാടനമാണ്. അതില്‍ വലിയ സന്തോഷം. നാലാമത്തെ ഷോപ്പ് പിഷാരടിയാണ് നടത്തുന്നതെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. മീന്‍ കൂട്ടാത്ത ഒരാള്‍ എങ്ങനെ ഇതു തുടങ്ങും. മീന്‍ കഴിച്ചില്ലെങ്കിലെന്താ നല്ല മീന്‍ കൊടുക്കാന്‍ കഴിയുമല്ലോ' ധര്‍മജന്‍ പറയുന്നു. 

'ധര്‍മജന്‍ ബുദ്ധിമാന്‍ തന്നെയാണ്. ജൂണ്‍ 15ന് ലണ്ടനില്‍ ഞങ്ങളൊരു പരിപാടിക്ക് പോയപ്പോള്‍ ഇവന്‍ എന്നെ നിര്‍ബന്ധിച്ച് മീന്‍ തീറ്റിച്ചു. അവിടെ നിന്നാണ് ഇതുതുടങ്ങുന്നത്. അതിനുശേഷം വെള്ളപ്പൊക്കം വന്ന് ഡിസംബര്‍ വരെയുള്ള പരിപാടികള്‍ റദ്ദാക്കിയെന്ന് അറിയുമ്പോള്‍ ഇവനൊരു ഞെട്ടലുമില്ല, കാരണം ഇവന് മീന്‍കടയില്‍ നിന്നു കാശ് കിട്ടുന്നുണ്ട്. അങ്ങനെയാണ് മീന്‍കടയിലേയ്ക്ക് ഞാനും എത്തുന്നത്' നര്‍മം വിടാതെ പിഷാരടി പറഞ്ഞു. ടിനി ടോം, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com