'ഇതുകൊണ്ടാണ് എനിക്ക് പൊരുതിക്കൊണ്ടേയിരിക്കേണ്ടി വരുന്നത്'; ചലച്ചിത്രമേളയില്‍ നിന്ന് 'കാലാ' ഒഴിവാക്കപ്പെട്ടതിനെതിരെ പാ രഞ്ജിത്ത്

'ഇതുകൊണ്ടാണ് എനിക്ക് പൊരുതിക്കൊണ്ടേയിരിക്കേണ്ടി വരുന്നത്'; ചലച്ചിത്രമേളയില്‍ നിന്ന് 'കാലാ' ഒഴിവാക്കപ്പെട്ടതിനെതിരെ പാ രഞ്ജിത്ത്

ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്നും 'കാലാ'യെ ഒഴിവാക്കുകയും 'ടൈഗര്‍ സിന്ദാ ഹെ'യെ ഉള്‍പ്പെടുത്തുകയും ചെയ്തതിന്റെ കാരണം തനിക്ക് പിടികിട്ടുന്നില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്.

 പനാജി: ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്നും 'കാലാ'യെ ഒഴിവാക്കുകയും 'ടൈഗര്‍ സിന്ദാ ഹെ'യെ ഉള്‍പ്പെടുത്തുകയും ചെയ്തതിന്റെ കാരണം തനിക്ക് പിടികിട്ടുന്നില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്.

ചേരികളിലെ ദളിത് ജീവിതവും സമൂഹത്തില്‍ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും കൃത്യമായി വരച്ചുകാട്ടിയ സിനിമയായിരുന്നു രജനീകാന്തിന്റെ കാലാ. അത്രയധികം നിരൂപക പ്രശംസ നേടിയിട്ടും ചിത്രത്തെ ഒഴിവാക്കി, വലിയ മേന്‍മയില്ലാത്ത ടാഗര്‍ സിന്ദാ ഹെയെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് കൊണ്ടാണ് ചിത്രത്തിലും പുറത്തും തനിക്കിപ്പോഴും പോരാട്ടം തുടരേണ്ടി വരുന്നതെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

 ' പരിയേറും പെരുമാള്‍ ബിഎ ബിഎല്ലിന്റെ' പ്രദര്‍ശനത്തിനായി ഗോവയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം രഞ്ജിത്താണ് നിര്‍മ്മിച്ചത്. സംവിധാനം പോലെ തന്നെ നിര്‍മ്മിക്കുന്ന ചിത്രങ്ങളും ജാതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ സാധാരണയായി ലഭിക്കാറില്ലെന്നും അങ്ങനെ വിമുഖത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ' പെരുമാളെന്നും' രഞ്ജിത്ത്  വ്യക്തമാക്കി. 

രാഷ്ട്രീയം പറയാന്‍ ഏറ്റവും മികച്ച മാധ്യമമാണ് സിനിമ. ഇനി പ്രത്യേകിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട കാര്യമില്ല. തന്റേതായ രാഷ്ട്രീയ നിലപാടുകളോട് അങ്ങേയറ്റം സത്യസന്ധത താന്‍ പുലര്‍ത്താറുണ്ടെന്നും അതാണ് ചിത്രങ്ങളുടെ വിജയമെന്നും പാ രഞ്ജിത്ത് പറഞ്ഞു. സ്വാതന്ത്ര്യസമര നായകനായിരുന്ന ബിര്‍സാ മുണ്ടയെ കുറിച്ചുള്ള ബയോപികാണ് പാ രഞ്ജിത്തിന്റെ അടുത്ത ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com