ഇരുപതാം നൂറ്റാണ്ടിൽ‌ അച്ഛൻമാർ കൈകോർത്തു, ഇരുപത്തൊന്നിൽ കൊമ്പുകോർക്കാൻ മക്കൾ; കാത്തിരിപ്പിന് ഇരട്ടിയാവേശം 

വർഷങ്ങൾക്കിപ്പുറം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമ വാർത്തകളിൽ നിറയുമ്പോൾ താരങ്ങളാകുന്നത് താരപുത്രൻ പ്രണവ് മോഹൻലാലിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും
ഇരുപതാം നൂറ്റാണ്ടിൽ‌ അച്ഛൻമാർ കൈകോർത്തു, ഇരുപത്തൊന്നിൽ കൊമ്പുകോർക്കാൻ മക്കൾ; കാത്തിരിപ്പിന് ഇരട്ടിയാവേശം 

മോഹൻലാലിൻ്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ ഇരുപതാം നൂറ്റാണ്ടിൽ നായകകഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയോളം ശ്രദ്ധ നേടിയ കഥാപാത്രമാണ് സുരേഷ് ഗോപിയുടെ ശേഖരൻ കുട്ടി. 31 വർഷങ്ങൾക്കിപ്പുറം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമ വാർത്തകളിൽ നിറയുമ്പോൾ താരങ്ങളാകുന്നത് താരപുത്രൻ പ്രണവ് മോഹൻലാലിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും. വർഷങ്ങൾക്ക് മുമ്പ് തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒന്നിച്ചത് അച്ഛൻമാരാണെങ്കിൽ ഇക്കുറി മക്കൾ ഒന്നിച്ചെത്തുകയാണ്. 

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷത്തിൽ ​ഗോകുൽ സുരേഷ് ​ഗോപിയും എത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ​ഗോകുൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മുട്ടുമടക്കികുത്തി മാസ് ലുക്കിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സൂചന നൽകിയിരിക്കുന്നത്.

ആദ്യ ചിത്രത്തിലെ ​ഗംഭീര ആക്ഷൻ പ്രകടനങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരെ കീഴടക്കിയ പ്രണവ് ഇക്കുറി കൂടുതൽ പുതുമകളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനിൽ തൂങ്ങിയാടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിത്രീകരണ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ പ്രണവിനൊപ്പം ​ഗോകുലും ചിത്രത്തിൽ അഭിനയിക്കുന്നെന്ന വിവരം ആക്ഷൻ സിനിമാപ്രേമികൾക്ക് കൂടുതൽ ആവേശം നൽകുന്നതാണ്. 

രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. സിനിമയുടെ തിരക്കഥയും അരുൺ തന്നെ. ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com