'പതിനഞ്ചാം വയസില്‍ ഡോക്ടറോട് ഒരു കാര്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളു, എന്റെ ശബ്ദം ആണിന്റേതാക്കണം'

കരണ്‍ പക്ഷേ, തനിക്കെതിരെ വരുന്ന ഒരോ കളിയാക്കലുകളേയും പോസിറ്റിവായി നേരിടാറാണ് പതിവ്.
'പതിനഞ്ചാം വയസില്‍ ഡോക്ടറോട് ഒരു കാര്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളു, എന്റെ ശബ്ദം ആണിന്റേതാക്കണം'

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് നടന്‍മാരുടെയും ചലച്ചിത്രാസ്വാദകരുടെയും ഹൃദയത്തില്‍ കയറിപ്പറ്റിയ ആളാണ് കരണ്‍ ജോഹര്‍. ബോളിവുഡിലെ മികച്ച സംവിധായകരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ കരണ്‍ ഉണ്ടാകും. എന്നാല്‍ ആളുകളുടെ പരിഹാസത്തിനും കളിയാക്കലിനമെല്ലാം പാത്രമാകാറുള്ള ഒരാള്‍ കൂടിയാണ് ഈ സംവിധായകന്‍.

കരണ്‍ പക്ഷേ, തനിക്കെതിരെ വരുന്ന ഒരോ കളിയാക്കലുകളേയും പോസിറ്റിവായി നേരിടാറാണ് പതിവ്. സമൂഹം ജെന്‍ഡര്‍ ഐഡന്റിറ്റിക്ക് നല്‍കുന്ന നിര്‍വചനങ്ങളെപ്പറ്റിയും അവയ്ക്ക് നേരെയെടുക്കുന്ന സമീപനത്തെ പറ്റിയും ശക്തമായി തുറന്ന് പറയുന്ന  വ്യക്തി കൂടിയാണ് ഇദ്ദേഹം. 

ചെറുപ്പകാലത്ത് പെണ്ണിനോട് സാമ്യമുള്ള നടത്തവും ശബ്ദവും കാരണം താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് കരണ്‍ ജോഹര്‍ തുറന്ന് പറയുകയാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള ടോക്ക് ഷോയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്. 

പുരുഷത്വത്തെ പറ്റിയും സ്ത്രീത്വത്തെ പറ്റിയും സമൂഹം എടുക്കുന്ന നിലപാടുകളെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പെണ്ണിനോട് സാമ്യമുള്ള ശബ്ദവും, നടത്തവും കാരണം ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. ഓടുമ്പോഴും നടക്കുമ്പോഴും എന്നെ നോക്കി എല്ലാവരും കളിയാക്കും. എനിക്ക് അവര്‍ അന്ന് നല്‍കിയ പേര് പാന്‍സി എന്നായിരുന്നു. 

എന്നോട് സംസാരിക്കുന്ന എല്ലാവരും എന്നോട് ചോദിക്കും നിന്റെ ശബ്ദം പെണ്ണിനെ പോലെയാണല്ലോയെന്ന്. ഒരു ആയിരം വട്ടമെങ്കിലും ഞാനിത് കേട്ടിട്ടുണ്ടാവും. ഇത് കേട്ട് മടുത്ത ഞാന്‍ എന്റെ പതിനഞ്ചാമത്തെ വയസ്സില്‍  സ്പീച്ച് തെറാപ്പിസിന്റെ പക്കല്‍ ചികിത്സയ്ക്കായി പോയി. '

'ഡോക്ടറോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു, എന്റെ ശബ്ദം ഒരു ആണിന്റേതാക്കണം. അദ്ദേഹം എനിക്ക് ശബ്ദം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ വ്യായാമങ്ങള്‍ പറഞ്ഞു തന്നു. മൂന്നു വര്‍ഷം നീണ്ടു നിന്ന ആ ചികിത്സ ഭീകരമായിരുന്നു. ട്യൂഷന്‍ ക്ലാസില്‍ പോവുന്നുവെന്ന് പറഞ്ഞാണ് ഞാന്‍ അന്ന് വീട്ടില്‍ നിന്ന് ചികിത്സയക്കായി ഇറങ്ങിയിരുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കളോട് ഞാന്‍ ഒരു പുരുഷനാവാന്‍ ശ്രമിക്കുയാണെന്ന് പറയാന്‍ ത്രാണിയില്ലായിരുന്നു അന്ന്.'

'എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന പിന്തുണ മറക്കാനാവില്ല. നടത്തത്തിലോ, സംസാരത്തിലോ, പെണ്ണിനോ പോലെ നൃത്തം ചെയ്യുന്നതിലോ അവര്‍ യാതൊരു തരത്തിലും കുറ്റം കണ്ടിരുന്നില്ല. ചെറുപ്പത്തില്‍ ദാഫിവാല എന്ന ചിത്രത്തിലെ ഗാനത്തില്‍ ജയപ്രദ നൃത്തം ചെയ്യുന്നത് പോലെ ഞാന്‍ നൃത്തം ചെയ്യുമായിരുന്നു. അച്ഛനും അമ്മയും അത് ആസ്വദിക്കുക മാത്രമല്ല അതിഥികള്‍ക്ക് മുന്നില്‍ ആ നൃത്തം ചെയ്ത് കാണിക്കാന്‍ കൂടി പറയുമായിരുന്നു.'

എന്നാല്‍ വീടിന് പുറത്തിറങ്ങിയാലുള്ള അവസ്ഥ തീര്‍ത്തും വ്യത്യസ്തമായിരുന്നു സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളും കൂടെ പഠിക്കുന്നവരും എന്നെ വളരെ മോശമായ രീതിയില്‍ കളിയാക്കിയിരുന്നു. എന്നെ കളിക്കാന്‍ പോലും കൂടെ കൂട്ടുകയില്ല .ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടിയാല്‍ തന്നെ ഫുട്‌ബോള്‍ തൊടാന്‍ സമ്മതിക്കില്ല. അതു കൊണ്ട് തന്നെ ഞാന്‍ പെണ്‍കുട്ടികളുടെ കൂടെ കളിക്കാറാണ് പതിവ്'- കരണ്‍ ജോഹര്‍ പറയുന്നു. 

'പുരുഷത്വത്തിനും സത്രീത്വത്തിനും നല്‍കുന്ന നിര്‍വചനങ്ങളോട് എനിക്ക് യോജിക്കാനാവില്ല. ആണുങ്ങള്‍ക്ക് പിങ്ക് ഇഷ്ടപ്പെടാനാവില്ല, ആണുങ്ങള്‍ കരയാന്‍ പാടില്ല എന്തൊരു വിഡ്ഡിത്തമാണിത്. ഞാന്‍ ഒരിക്കലും എന്റെ മകനോട് അത്തരത്തില്‍ പറയില്ല, അവന് കരയാന്‍ തോന്നിയാല്‍ അവന്‍ കരയട്ടെ ഓരോന്നിനും ഒരോ ചട്ടകൂടുകള്‍ നല്‍കി സമൂഹം ഇത് കൂടുതല്‍ ആശയകുഴപ്പത്തിലാക്കുയാണ് ചെയ്യുന്നത്'- അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com