'അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2018 01:48 PM  |  

Last Updated: 29th November 2018 01:48 PM  |   A+A-   |  

 

പനാജി : മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുകയാണ് പേരന്‍പ് എന്ന തമിഴ് ചിത്രം. റാം സംവിധാനം ചെയ്ത ചിത്രം ഗോവ ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. അടുത്തകാലത്ത് മലയാള സിനിമയ്ക്കു കഴിയാത്ത പൊട്ടന്‍ഷ്യലില്‍ മമ്മൂട്ടി എന്ന നടനെ ഉപയോഗപ്പെടുത്തിയ ചിത്രമാണ് പേരന്‍പ് എന്ന് സംവിധായകന്‍ സജിന്‍ പറഞ്ഞു. 

മേളയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് പേരന്‍പ്. ചിത്രത്തില്‍ ഉടനീളം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തികവു കാണാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ വന്നിട്ടില്ല. ഇതിന് ഒരു തമിഴ് സംവിധായകന്‍ വേണ്ടി വന്നുവെന്നും സജിന്‍, ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ആ ചിത്രം പറയുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന ടാക്‌സി ഡ്രൈവര്‍, മകളെ സന്തോഷിപ്പിക്കാന്‍ പാട്ടു പാടുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്നൊരു രംഗമുണ്ട്. പക്ഷേ അവള്‍ അതൊന്നും തിരിച്ചറിയുന്നേയില്ല. അതു മനസ്സിലാക്കുമ്പോള്‍ അമുദന്‍ പ്രതികരിക്കുന്ന രീതിയുണ്ട്. അത് ഇപ്പോഴും മനസ്സില്‍നിന്നും പോകുന്നില്ല. 

സിനിമയിലെ പ്രകടനത്തിന്റെ അപാരഭംഗി കൊണ്ട്, അഭിനേതാവിനോട് എന്തു പറഞ്ഞാലും മതിവരില്ല എന്നൊക്കെ ചില നേരം നമുക്കു തോന്നാം. ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മമ്മൂട്ടിയോട് തോന്നിയതും അതാണ്. അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെയെന്നും സജിന്‍ പറഞ്ഞു.