രാജാവിന്റെ മകന്‍ പിറന്നത് ഇങ്ങനെ; മോഹന്‍ലാല്‍ രാജാവായതും....

മോഹന്‍ലാലിനെ ഇങ്ങനെയൊരു നായകനാക്കിയാല്‍ വിജയിക്കുമോ എന്ന സംശയം. എല്ലാം എതിരായി നിന്നപ്പോള്‍ 'രാജാവിന്റെ മകന്‍' പിറക്കുമോ ഇല്ലയോ എന്ന സംശയത്തിലായി
രാജാവിന്റെ മകന്‍ പിറന്നത് ഇങ്ങനെ; മോഹന്‍ലാല്‍ രാജാവായതും....

കൊച്ചി: മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലേത്. ഈ ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹമായത്. വിന്‍സണ്‍ ഗോമസ് എന്ന അധോലോക നായകന്റെ വേഷമായിരുന്നു മോഹന്‍ലാലിന്. 1986 ജൂലായ് 17നായിരന്നു ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. ആദ്യഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിധിയെഴുതി ഇത് മലയാള സിനിമയുടെ പുതിയ ചരിത്രമെന്ന്.

താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകനുമായി എത്തുന്നത്. 1981ല്‍ 'താവളം', 1982ല്‍ നസീര്‍, മധു, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച 'പാസ്‌പോര്‍ട്ട്', 1985ല്‍ മമ്മൂട്ടി നായകനായ 'ആ നേരം അല്‍പദൂരം' എന്നീ ചിത്രങ്ങളാണ് ഇതിനു മുന്‍പ് തമ്പി സംവിധാനം ചെയ്തത്. ഇവയൊന്നും വിജയമായിരുന്നില്ലെന്നു തിരിച്ചറിഞ്ഞ് തമ്പി സ്വയം വിമര്‍ശനം നടത്തി. സാമ്പത്തികമായി ചിത്രം വിജയിക്കാത്തതിന്റെ കാര്യം സാങ്കേതികമായി എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല, കഥ നന്നായാലേ ചിത്രം വിജയിക്കൂ എന്നായിരുന്നു തിരിച്ചറിവ്. ആ തിരിച്ചറിവില്‍ നില്‍ക്കുമ്പോഴാണ് ഡെന്നിസ് ജോസഫിനെ കണ്ടത്. അക്കാലത്ത് ഡെന്നിസ് ജോസഫ് തിരക്കുള്ള തിരക്കഥാകൃത്താണ്. 'ഒരു നല്ല കഥയെഴുതി തരുമോ' എന്ന് തമ്പി ഡെന്നിസിനോടു ചോദിച്ചു. പല കഥകളും ചര്‍ച്ച ചെയ്തു. ഒടുവില്‍ ഉരുത്തിരിഞ്ഞ കഥയാണ് 'രാജാവിന്റെ മകന്റേ'ത്. 

കാര്യമൊക്കെ കൊള്ളാം. പക്ഷേ നിര്‍മാതാവ് എവിടെ എന്നാണു കാതലായ ചോദ്യം. ഈ ചിത്രം നിര്‍മിക്കാന്‍ തയാറായി ആരും മുന്നോട്ടു വന്നില്ല. കാരണങ്ങള്‍ പലതാണ്. ഒന്ന് മോഹന്‍ലാലിനെ ഇങ്ങനെയൊരു നായകനാക്കിയാല്‍ വിജയിക്കുമോ എന്ന സംശയം. എല്ലാം എതിരായി നിന്നപ്പോള്‍ 'രാജാവിന്റെ മകന്‍' പിറക്കുമോ ഇല്ലയോ എന്ന സംശയത്തിലായി. പിന്നെ രണ്ടും കല്‍പിച്ച് തമ്പി കണ്ണന്താനം ഒരു തീരുമാനമെടുത്തു. ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം നിര്‍മിക്കുകയും ചെയ്യുക. ആ തീരുമാനം മലയാള സിനിമാ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കി. 

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക അംബികയായിരുന്നു. അക്കാലത്ത് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം അംബികയ്ക്കാണ്. കാരണം അംബിക കമല്‍ഹാസനോടൊപ്പം തമിഴില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. അന്ന് ലാലിനെക്കാള്‍  പ്രതിഫലവും അംബിക വാങ്ങിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തനിക്ക് ലാലിന്റെ പ്രതിഫലം മതിയെന്ന് അംബിക പറയുകായിരുന്നു. അതിന്റെ നന്ദി ഇപ്പോഴും അംബികയോടുണ്ടെന്ന് തമ്പി പറയുന്നു.

എന്നാല്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞ് മോഹന്‍ലാലിന്റെ പ്രതിഫലം പലമടങ്ങു വര്‍ധിക്കുന്നതാണു കണ്ടത്. ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിനൊപ്പം അതിലെ ഡയലോഗുകളും ജനങ്ങള്‍ക്കു കാണാപ്പാഠമായി. ''രാജുമോന്‍ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്ഛന്‍ ആരാണന്ന്..'' എന്ന ഡയലോഗ് ഇന്നും ഉരുവിടുന്നവരുണ്ട്. ചിത്രത്തിത്തിന് ആദ്യം ന്‌ല#കിയ മഹാരാജാവിന്റെ മകന്‍ എന്നായിരുന്നു. പിന്നീട് തമ്പി തന്നെ രാജാവിന്റെ മകന്‍ എന്നാക്കി മാറ്റുകയായിരുന്നു. പതിനാലര ലക്ഷം രൂപയ്ക്ക് 'രാജാവിന്റെ മകന്‍' ഫസ്റ്റ് കോപ്പി ആയി. പ്രിന്റ്, പബ്ലിസിറ്റി, വിതരണക്കാരുടെ വിഹിതം തുടങ്ങിയവയെല്ലാം ചേര്‍ത്ത് 40 ലക്ഷം രൂപയാണു ചിത്രത്തിന്റെ ചെലവ്. അന്ന് ടിക്കറ്റ് നിരക്ക് കുറവാണ്. എന്നിട്ടും 8085 ലക്ഷം രൂപ ചിത്രം കലക്ട് ചെയ്തു.

32 ദിവസം കൊണ്ടു ഷൂട്ട് ചെയ്ത ചിത്രമാണിത്. 28 ദിവസം എറണാകുളത്തായിരുന്നു ഷൂട്ടിങ്. മലയാള സിനിമയ്ക്ക് പുതിയൊരു ട്രെന്‍ഡ് ഉണ്ടാക്കിയ ചിത്രമായിരുന്നു അതെന്ന് തമ്പി കണ്ണന്താനം ഓര്‍ക്കുന്നു. നെഗറ്റീവ് നായകനെയും ജനം സ്വീകരിക്കുമെന്ന അവസ്ഥ ഈ ചിത്രത്തോടെ വന്നു. അന്ന് മോഹന്‍ലാലിന് സ്റ്റാര്‍ വാല്യു ഇല്ലാതിരുന്നതിനാലാണ് ഈ ചിത്രത്തിന്റെ ഒടുവില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കൊല്ലാന്‍ തനിക്കു കഴിഞ്ഞതെന്നു തമ്പി പറയുന്നു. ഇന്നാണെങ്കില്‍ അങ്ങനെയൊന്ന് ആലോചിക്കാനേ പറ്റില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com