കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു, മൂത്തോനായി കാത്തിരിക്കുന്നു; ആ 12 ദിനങ്ങള്‍ കരിയറിലെ അവിസ്മരണീയ ദിവസങ്ങളെന്ന് നിവിന്‍ പോളി  

എന്റെ അഭിപ്രായത്തില്‍ എല്ലാ താരങ്ങളും കരിയറില്‍ ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കണം,നിവിന്‍
കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു, മൂത്തോനായി കാത്തിരിക്കുന്നു; ആ 12 ദിനങ്ങള്‍ കരിയറിലെ അവിസ്മരണീയ ദിവസങ്ങളെന്ന് നിവിന്‍ പോളി  

ലയാളത്തിലും തമിഴിലും ആരാധകഹൃദയങ്ങള്‍ കീഴടക്കിയ യുവതാരം നിവിന്‍ പോളി മൂത്തോനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. റിലീസിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയും മലയാളത്തിലും ഹിന്ദിയിലുമായൊരുങ്ങുന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനുമെല്ലാം നിവിന്‍ പോളിക്ക് വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. 

താരങ്ങള്‍ അവര്‍ക്ക് മുന്നിലുള്ള അതിര്‍വരമ്പുകളെ സ്വയം വെല്ലുവിളിയായി കാണണമെന്നും ഭാഷയറിയില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും നിവിന്‍ പറയുന്നു. "ഭാഷ എന്നത് എപ്പോഴും വെല്ലുവിളി തന്നെയാണ്. ഒരു മലയാളം നടനെ സംബന്ധിച്ചടുത്തോളം തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ ഒരിക്കലും എളുപ്പമായിരിക്കില്ല. പക്ഷെ നമ്മള്‍ സ്വയം ആ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ ശ്രമിക്കണം. എന്റെ അഭിപ്രായത്തില്‍ എല്ലാ താരങ്ങളും കരിയറില്‍ ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കണം", നിവിന്‍ പറയുന്നു.

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവന്ന ചിത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണിയെന്ന് താരം പറഞ്ഞു. "കുതിരയോട്ടവും ഒരുപാട് ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെട്ടതാണ് ചിത്രം. ഞാന്‍ ഇതുവരെ ചെയ്യാത്ത പല കാര്യങ്ങളും ഈ സിനിമയ്ക്കായി ചെയ്തിട്ടുണ്ട്. ഒരു വമ്പന്‍ ചിത്രമാണെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ എന്റെ 101ശതമാനം പ്രയത്‌നവും ചിത്രത്തിനായി നല്‍കിയിട്ടുണ്ട്", നിവിന്‍ പറഞ്ഞു. 

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നെന്നും താരം തുറന്നുപറഞ്ഞു. "ഏകദേശം 12 ദിവസങ്ങളാണ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഷൂട്ടിംഗിനുണ്ടായിരുന്നത്. ആ 12ദിവസങ്ങളാണ് എന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ദിനങ്ങള്‍. അദ്ദേഹം അഭിനയത്തോട് കാണിക്കുന്ന പ്രൊഫഷണലിസവും സെറ്റില്‍ പെരുമാറുന്ന രീതിയും അദ്ദേഹത്തിന്റെ ഉര്‍ജ്ജസ്വലതയും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞു". 

ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മൂത്തോനായിരിക്കും തന്റെ ആദ്യ ഹിന്ദി ചിത്രമെന്ന് താരം പറഞ്ഞു. മുത്തോന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞു നോക്കാമെന്നുമാണ് നിവിന്റെ വാക്കുകള്‍. ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനായാണ് തന്റെ പ്രാര്‍ത്ഥനയെന്നും സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്നും നിവിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com