സർക്കാരുമായി വിജയ് ; മുഖ്യമന്ത്രിയായാൽ ആദ്യം ചെയ്യുക ഇതൊക്കെ

സർക്കാരുമായി ഇളയ ദളപതി വിജയ് എത്തുന്നു
സർക്കാരുമായി വിജയ് ; മുഖ്യമന്ത്രിയായാൽ ആദ്യം ചെയ്യുക ഇതൊക്കെ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമാ താരങ്ങളെല്ലാം രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ സജീവമായിരിക്കുകയാണ്. ഇതിനിടെ സർക്കാരുമായി ഇളയ ദളപതി വിജയ് എത്തുന്നു. വിജയുടെ സർക്കാർ പക്ഷെ സിനിമയിലാണെന്ന് മാത്രം. വിജയുടെ 62-ാമത്തെ ചിത്രമാണ് സർക്കാർ. ഹിറ്റ് സംവിധായകൻ എ ആർ മുരു​ഗദോസുമൊത്തുള്ള മൂന്നാമത്തെ ചിത്രം കൂടിയാണിത്. 

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ,  തന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളുടെ സൂചന നൽകാനും വിജയ് മറന്നില്ല. സദസ്സിലെ ഹർഷാരവത്തിനിടെ, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു വിജയ് മനസ്സ് തുറന്നത്. 

എന്റെ ഹൃദയത്തില്‍  കുടിയിരിക്കും സ്‌നേഹിതരെ എന്ന അഭിസംബോധനയോടെയാണ്  വിജയ്  പ്രസംഗം ആരംഭിച്ചത്. സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക.  എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുന്നു എന്നാണ് വിജയ് പറഞ്ഞത്. 

സര്‍ക്കാരില്‍ മുഖ്യമന്ത്രി ആയിട്ടാണോ വിജയ് പ്രത്യക്ഷപ്പെടുന്നത് എന്ന ചോദ്യത്തിന്, അല്ലെന്നായിരുന്നു വിജയുടെ മറുപടി. ഇതിനിടെ ശരിക്കും മുഖ്യമന്ത്രിയായാല്‍ എന്തുചെയ്യും എന്ന ചോദ്യമുയര്‍ന്നു. 

മുഖ്യമന്ത്രിയായാല്‍ അഭിനയിക്കില്ല എന്നായിരുന്നു വിജയിന്റെ തകർപ്പൻ മറുപടി. മുഖ്യമന്ത്രി ആയാല്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് അഴിമതി എന്നായിരുന്നു ഉത്തരം. അത് മാറ്റാന്‍ എളുപ്പമല്ല. അത് വൈറസ് പോലെ പടര്‍ന്നിരിക്കുകയാണ്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ താഴേക്കിടയിലുള്ളവരും കൈക്കൂലി വാങ്ങില്ല. ഒരു നേതാവ് നന്നായാല്‍ സ്വാഭാവികമായും പാര്‍ട്ടി നന്നാവുമെന്നും വിജയ് പറഞ്ഞു. 

കമൽഹാസനും രജനീകാന്തിനും പിന്നാലെ വിജയും തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് ഈ പ്രചരണങ്ങൾക്ക് ചൂടേറുന്ന തരത്തിൽ വിജയിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com