കള്ളുകുടി പഠിക്കാന്‍ പരിശീലകനെ വച്ചു, തുറന്നു പറഞ്ഞ് ഓസ്‌കര്‍ ജേതാവ്‌ 

എഴുത്തുകാരനായ കഥാപാത്രം മദ്യപിച്ച് മദോന്‍മത്തനായ സീനുകള്‍ നാലാഴ്ചയെടുത്താണ് ചിത്രീകരിച്ചതെന്നും കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറായിരുന്നുവെന്നും
കള്ളുകുടി പഠിക്കാന്‍ പരിശീലകനെ വച്ചു, തുറന്നു പറഞ്ഞ് ഓസ്‌കര്‍ ജേതാവ്‌ 

 'ലീവിങ് ലാസ് വെഗാസ്'  എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ എഴുത്തുകാരന്റെ വേഷം അവതരിപ്പിക്കുന്നതിനായി ' പരിശീലകനെ' വച്ചിരുന്നതായി ഹോളിവുഡ് സൂപ്പര്‍താരവും ഓസ്‌കര്‍ ജേതാവുമായ നിക്കോളാ കേജ്. ബന്ധുവായ റൊമാന്‍ കൊപോളയുടെ നിര്‍ദ്ദേശ പ്രകാരം തികഞ്ഞ മദ്യപാനിയും കവിയുമായിരുന്ന ടോണി ഡിങ്മാനെ താന്‍ ആശ്രയിച്ചിരുന്നുവെന്നാണ് നിക്കോളായുടെ വെളിപ്പെടുത്തല്‍. 

കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിനായി ഡിങ്മാനെ താന്‍ സെറ്റിലും കൂടെ കൂട്ടിയിരുന്നുവെന്നും ബോങ്കോസ് വായിക്കുന്ന സമയത്ത് ഗര്‍ഭസ്ഥ ശിശുവിനെ പോലെ ഡിങ്മാന്‍ കുടിച്ച് ലക്കുകെട്ട് അടുത്ത് ചുരുണ്ടുകൂടിക്കിടക്കുന്നത് ട്രെയിലറില്‍  കാണാമെന്നും ജി ക്യു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിക്കോളാ പറയുന്നു.

ഡിങ്മാനുമായുള്ള സഹവാസം അങ്ങേയറ്റം രസകരമായിരുന്നുവെന്നും ബാറിലേക്ക് ഇടിച്ചു കയറുകയല്ല, അല്‍പ്പം ചരിഞ്ഞ് ഭവ്യതയോടെ കയറുകയാണ് വേണ്ടെതെന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങളടക്കം കവി നല്‍കിയതാണെന്നും നിക്കോള വെളിപ്പെടുത്തി. എഴുത്തുകാരനായ കഥാപാത്രം മദ്യപിച്ച് മദോന്‍മത്തനായ സീനുകള്‍ നാലാഴ്ചയെടുത്താണ് ചിത്രീകരിച്ചതെന്നും കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരാന്‍ കുടിച്ച് ലക്കുകെട്ടുള്ള സീനുകള്‍ അങ്ങേയറ്റം സത്യസന്ധതയോടെയാണ് ചെയ്തതും ചിത്രീകരിച്ചതും. കസിനോയിലെ മേശ വലിച്ചെറിയുന്ന രംഗത്തില്‍ എന്താണ് ചെയ്യുന്നതെന്നുള്ള ബോധം പോലും തനിക്ക് ഉണ്ടായിരുന്നില്ലെന്നും നാലാഴ്ച കൊണ്ട് പൂര്‍ണമായും കഥാപാത്രമായി മാറിയിരുന്നുവെന്നും നിക്കോളാ വ്യക്തമാക്കി.

ഒാസ്‌കറും ഗോള്‍ഡന്‍ ഗ്ലോബുമുള്‍പ്പടെ കൈനിറയെ  പുരസ്‌കാരങ്ങളാണ് നിക്കോളായുടെ 'ലീവിങ് ലാസ് വെഗാസി'ലെ കഥാപാത്രം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com