'പൃഥ്വി ലൊക്കേഷനിൽ അത്യാവശ്യം ക്ഷുഭിതനൊക്കെയാണ്, അച്ഛനെപോലെ'; ലൂസിഫറിന്റെ പ്രത്യേകത പൃഥ്വിരാജ് തന്നെയെന്ന് മോഹൻലാൽ (വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 08th October 2018 10:41 PM |
Last Updated: 08th October 2018 10:44 PM | A+A A- |
'മോഹൻലാൽ- പൃഥ്വിരാജ് - മുരളിഗോപി', ലൂസിഫർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം ഈ മൂവർ സംഘം തന്നെ. എന്നാൽ ലൂസിഫറിന്റെ പ്രത്യേകത പൃഥ്വിരാജ് തന്നെയാണെന്നാണ് മോഹൻലാലിന്റെ വാക്കുകൾ. ഇത്രയും തിരക്കുള്ള ഒരാൾ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളിയെന്ന് മോഹൻലാൽ പറയുന്നു. കൊച്ചിലെ മുതൽ തനിക്ക് അറിയാവുന്ന ആളാണ് പൃഥ്വിരാജെന്നും സിനിമയെ വളരെ സീരിയസായി കാണുന്ന ആളാണ് അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു.
ഒരു സംവിധായകൻ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. അതുകൊണ്ടൊക്കെതന്നെ പൃഥ്വി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും അതിന്റെ കമാൻഡിങ് ഏറ്റെടുക്കാൻ സാധിച്ചത് തന്നെ വലിയ കാര്യമാണെന്നാണ് താരത്തിന്റെ വാക്കുകൾ.
‘സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാൻ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ’, ലൊക്കേഷനിലെ സംവിധായകൻ പൃഥ്വിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞു.
ലൂസിഫർ ഇരുട്ടിന്റെ രാജകുമാരൻ മാത്രമല്ലെന്നും വളരെ പോസിറ്റിവ് ആയ ഒരാള് കൂടിയാണെന്നുമാണ് മോഹൻലാലിന്റെ അഭിപ്രായം. 'അദ്ദേഹത്തെ എങ്ങനെ നിങ്ങൾ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്നേഹത്തോടെ കണ്ടാൽ സ്നേഹമുണ്ടാകും അല്ലാതെയാണെങ്കിൽ മോശക്കാരനും', അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുമുള്ള സിനിമയാണ് ലൂസിഫറെന്നും താരം പറഞ്ഞു.
ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, സംവിധായകൻ ഫാസിൽ, മഞ്ജു വാര്യർ എന്നിങ്ങനെ നീളുന്ന വലിയ താരനിരയെക്കുറിച്ചും സിനിമയുടെ അണിയറപ്രവർത്തകർ സംസാരിച്ചു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലാണ് മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും ലൂസുഫറിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.