ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്; വിവേക് ഒബ്‌റോയി പൃഥി രാജിനോട് പറഞ്ഞത്

ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ് - വിവേക് ഒബ്‌റോയി പൃഥി രാജിനോട് പറഞ്ഞത്
ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്; വിവേക് ഒബ്‌റോയി പൃഥി രാജിനോട് പറഞ്ഞത്

കൊച്ചി: ആദ്യ ചിത്രം ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ പൃഥി രാജ്. ഈ ചിത്രത്തിന്റെ കഥ ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സിലുണ്ടായിരുന്ന ആള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആയിരുന്നെന്ന് പൃഥി രാജ് പറഞ്ഞു. ഫോണിലൂടെയായിരുന്നു അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും ഫോണ്‍ കോള്‍ മൂന്ന് മണിക്കൂര്‍ നീണ്ടതായും പൃഥി രാജ് പറഞ്ഞു

'ടിയാന്റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്‌റോയ്‌യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. '9 എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചതെന്ന് പൃഥി പറഞ്ഞു

ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ത്തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്റെ സെറ്റിലാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മനസ്സില്‍ നമ്മള്‍ സിനിമ കാണുമല്ലോ, ദൈവം സഹായിച്ച് വളരെ നല്ലപോലെ തന്നെ സിനിമ മുന്നോട്ട് പോകുന്നുണ്ടെന്ന് പൃഥി പറഞ്ഞു.

ഇത്രയും വലിയ താരനിരയ്‌ക്കൊപ്പം സംവിധാനം ചെയ്യാന്‍ സാധിക്കുക. അത് വലിയ കാര്യമാണ്. അതില്‍ പൂര്‍ണബോധവനാണ് ഞാന്‍. നടനായിരിക്കുമ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്, സിനിമ എന്നത് കൂട്ടുത്തരവാദിത്വമാണ്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് സിനിമ നന്നാകുയുള്ളൂ. എന്റെ അസോഷ്യേറ്റ്‌സിനും ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികള്‍ക്കും എല്ലാം ഈ സിനിമയെക്കുറിച്ച് പൂര്‍ണമായും അറിയാം പൃഥി പറഞ്ഞു. 
വിവേകിന്റെ വാക്കുകള്‍

'പതിനാറ് വര്‍ഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേത്. പൃഥ്വിരാജ് ഫോണില്‍ വിളിച്ചാണ് കഥ പറയുന്നത്. സിനിമയെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ എനിക്കും അതിന്റെ ഭാഗമാകണം എന്ന് ഞാന്‍ അങ്ങോട്ടാണ് പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ട്.'

'ഒന്ന് മലയാളം ആണെന്നതുതന്നെയാണ്. വളരെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമുണ്ട്.  കേരളത്തിന്റെ സംസ്‌കാരവും കലകളുമൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്ക്. ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്. മുമ്പും കുറേ പേര്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഡയലോഗ് പഠിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടി. ദൈര്‍ഘ്യമേറിയ ഡയലോഗ് ആണ് എഴുതി തന്നത്. അംഗീകരിക്കാതിരിക്കുന്നത് എന്നൊക്കെ പറഞ്ഞു പഠിക്കാന്‍ ബുദ്ധിമുട്ടി.  എത്ര അക്ഷരങ്ങളാണ് ഡയലോഗില്‍.. പൃഥ്വിരാജ് ആയിരുന്നു എന്റെ ട്രാന്‍സിലേറ്ററും. ഓരോ വാക്കിന്റെയും ഉച്ചാരണവും അതിന്റെ ഹിന്ദി അര്‍ഥവും പറഞ്ഞുപഠിപ്പിച്ചു. വെറുതെ ഡയലോഗ് പറയുന്നതുപോലെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗ് മുഴുവനായി തന്നെ പറഞ്ഞു'.

'സ്വാഭാവികമായും ലൂസിഫറില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ രണ്ടാമതും അഭിനയിക്കാന്‍ അവസരം കിട്ടുന്നുവെന്നതും ലൂസിഫറില്‍ അഭിനയിക്കാനുള്ള കാരണമാണ് വിവേക് ഒബ്‌റോയ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com