മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത സിബിഐയും പൊലീസും തുറന്നുപറയണം, 'ചാലക്കുടിക്കാരന്‍ ചങ്ങാതി' തമിഴിലേക്ക് റീമേക്കിന് ഒരുങ്ങി വിനയന്‍ 

'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയുടെ ക്ലൈമാക്‌സിലെ കലാഭവന്‍ മണിയുടെ മരണം തന്റെ യുക്തിക്കനുസരിച്ച് ഒരുക്കിയതാണെന്ന് സംവിധായകന്‍ വിനയന്‍
മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത സിബിഐയും പൊലീസും തുറന്നുപറയണം, 'ചാലക്കുടിക്കാരന്‍ ചങ്ങാതി' തമിഴിലേക്ക് റീമേക്കിന് ഒരുങ്ങി വിനയന്‍ 

കൊച്ചി: 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയുടെ ക്ലൈമാക്‌സിലെ കലാഭവന്‍ മണിയുടെ മരണം തന്റെ യുക്തിക്കനുസരിച്ച് ഒരുക്കിയതാണെന്ന് സംവിധായകന്‍ വിനയന്‍. ഇക്കാര്യം കഴിഞ്ഞ ദിവസം സി.ബി.ഐ. ഓഫീസില്‍ ചെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ എന്താണെന്ന് സിബിഐയോ പൊലീസോ തുറന്നുപറയണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. 

രണ്ടര വര്‍ഷമായിട്ടും മണിയുടെ മരണത്തെക്കുറിച്ചുള്ള കേസ് ഫയല്‍ സി.ബി.ഐ അവസാനിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയുടെ വിജയം പങ്കുവയ്ക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിനയന്‍ ചോദിച്ചു. മണിക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത് എന്നറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ട്. സിബിഐ കേസ് ക്ലോസ് ചെയ്യാത്തതില്‍ വിഷമമുണ്ടെന്നും വിനയന്‍ പറഞ്ഞു.

ഈ ചിത്രം തമിഴിലേക്കു റീമേക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിച്ചിട്ടുണ്ട്. അതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വിനയന്‍ പറഞ്ഞു. മണിയുടെ ബന്ധുക്കളാരും ചിത്രം കണ്ടിട്ടില്ല. അവര്‍ക്ക് അതിനുള്ള ശേഷിയില്ല. മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍നിന്നുണ്ടാവുന്നത് അദ്ദേഹം പറഞ്ഞു. 

സിനിമ കണ്ടിറങ്ങുന്നവര്‍ കരഞ്ഞു കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതു മറക്കാനാകാത്ത നിമിഷമാണെന്നു മണിയായി വേഷമിട്ട നടന്‍ സെന്തില്‍ കൃഷ്ണ പറഞ്ഞു. മണിയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കുമ്പോള്‍ ശാരീരികമായി ഒരുപാട് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും ഷൂട്ടിങ് പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവെന്നും അദൃശ്യ ശക്തിയാണ് മാനസികബലം നല്‍കിയതെന്നും നടന്‍ സലിംകുമാര്‍ പറഞ്ഞു. നടി ഹണി റോസും സാങ്കേതികപ്രവര്‍ത്തരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com