'അവാര്‍ഡ് നല്‍കുന്നവര്‍ക്ക് മുംബൈ പൊലീസിന്റെ ശക്തി മനസിലാക്കാനുള്ള കഴിവുണ്ടായില്ല'; അവഗണനയില്‍ തുറന്നടിച്ച് സംവിധായകന്‍

ചിത്രത്തിന് അവാര്‍ഡുകളും നിരൂപകപ്രശംസയും ലഭിക്കാത്തതാണ് റോഷനെ പ്രകോപിപ്പിച്ചത്
'അവാര്‍ഡ് നല്‍കുന്നവര്‍ക്ക് മുംബൈ പൊലീസിന്റെ ശക്തി മനസിലാക്കാനുള്ള കഴിവുണ്ടായില്ല'; അവഗണനയില്‍ തുറന്നടിച്ച് സംവിധായകന്‍

ലയാള സിനിമയില്‍ വലിയരീതിയില്‍ ചര്‍ച്ചയായ ഒരു ചിത്രമായിരുന്നു മുംബൈ പൊലീസ്. വ്യത്യസ്തമായ പ്രമേയം കൊണ്ട് ആരാധകരെ ഞെട്ടിച്ച ചിത്രം മികച്ച വിജയവും സ്വന്തമാക്കി. എന്നാല്‍ തന്റെ ചിത്രത്തിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തിന് അവാര്‍ഡുകളും നിരൂപകപ്രശംസയും ലഭിക്കാത്തതാണ് റോഷനെ പ്രകോപിപ്പിച്ചത്. 

മുംബൈ പൊലീസിന് അര്‍ഹിച്ച പ്രശംസ ലഭിച്ചോ എന്നതില്‍ എനിക്ക് ഉറപ്പില്ല. ജനങ്ങള്‍ ചിത്രത്തെ ഏറ്റെടുത്തു എന്നത് ഉറപ്പാണ്. ഞാന്‍ പറയുന്നത് നിരൂപക പ്രശംസയെക്കുറിച്ചും അവാര്‍ഡുകളേയും കുറിച്ചാണ്. ചിലപ്പോള്‍ അവാര്‍ഡ് ജൂറിയിലുണ്ടായിരുന്നവര്‍ക്ക് ചിത്രത്തിന്റെ ശക്തി മനസിലാക്കാനുള്ള കഴിവുണ്ടായി കാണില്ല. അല്ലെങ്കില്‍ അത് സിനിമയുടെ കുറ്റമായിരിക്കും. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ഇതു കൂടാതെ ഹൗ ഓള്‍ഡ് ആര്‍ യുവിലെ മഞ്ജു വാര്യരുടെ പ്രകടനത്തിന് കേരളത്തിന് പുറത്തേക്ക് കുറച്ചുകൂടി അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്‌കൂള്‍ ബസിന്റെ റിലീസ് മറ്റൊരു സമയത്ത് ആകാമായിരുന്നെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്നാല്‍ ഈ കാര്യങ്ങളോര്‍ത്ത് വിഷമം ഒന്നുമില്ല. എന്ത് സംഭവിച്ചാലും ഞാന്‍ മുന്നോട്ടുപോകും. ഒരിക്കല്‍ ജയിക്കും അടുത്തതവണ തോല്‍ക്കും പിന്നെ വീണ്ടും ജയിക്കും. സിനിമ എന്നത് ഒരു കളിയാണ് അതിനെ അങ്ങനെ കാണാന്‍ കഴിഞ്ഞാല്‍ അത് രസിക്കാന്‍ പഠിക്കും.' റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. 

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ക്രൈം ത്രില്ലറായിരുന്നു മുംബൈ പൊലീസ്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം തീയെറ്ററില്‍ മികച്ച വിജയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com