സൗഹൃദത്തിന്റെ കഥയെഴുതും ഡോക്ടര്‍...

കോട്ടയം കിംസ് ഹോസ്പിറ്റലില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന ഡോക്ടര്‍  സൗഹൃദത്തിന്റെ കഥ പറയുന്ന ' അമിഗോസ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.
സൗഹൃദത്തിന്റെ കഥയെഴുതും ഡോക്ടര്‍...

സ്വപ്‌ന സാഫല്യമാണ് ഡോക്ടര്‍ ജിസ് തോമസിന് അമിഗോസ് എന്ന സിനിമ. കോട്ടയം കിംസ് ഹോസ്പിറ്റലില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന ഡോക്ടര്‍  സൗഹൃദത്തിന്റെ കഥ പറയുന്ന ' അമിഗോസ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. സിനിമയെയും സ്വപ്‌നങ്ങളെയും കുറിച്ച് ഡോക്ടര്‍ ജിസ് സമകാലിക മലയാളത്തോട്..

പകല്‍ മുഴുവനും ഡോക്ടര്‍, ജോലി കഴിയുന്നതോടെ എഴുത്ത്, എങ്ങനെയാണ് സിനിമയും എഴുത്ത് ജീവിതവും ഒരുപോലെ കൊണ്ടു പോകാന്‍ സാധിക്കുന്നത്?

 ചെറുപ്പം മുതലേ സിനിമ ഒരു പാഷനായിരുന്നു. ധാരാളം സിനിമകള്‍ കാണും. വായിക്കും. സ്‌കൂള്‍, കോളെജ് തലത്തില്‍ സ്‌കിറ്റുകള്‍ തയ്യാറാക്കി അവതരിപ്പിക്കും. പഠനത്തോടൊപ്പം പാഷനെയും ഹൃദയത്തിലേക്ക് ചേര്‍ക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം തന്നെയാണ് ഇപ്പോള്‍ ജോലി കഴിഞ്ഞ ശേഷം എഴുത്തിലേക്ക് സമയം ചിലവഴിക്കാന്‍ സഹായിക്കുന്നതെന്ന് പറയേണ്ടി വരും.

ബേബി ദ ടര്‍ട്ടില്‍, തിരിച്ചറിവ് തുടങ്ങി സമൂഹമാധ്യമങ്ങളിലും അല്ലാതെയും  ശ്രദ്ധിക്കപ്പെട്ട ആറോളം ഹ്രസ്വ ചിത്രങ്ങള്‍, ഇപ്പോള്‍ അമിഗോസ് എന്ന സിനിമയും...
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് ജീവിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാവുന്ന മാനസിക വിഷമങ്ങളെ കേന്ദ്രീകരിച്ച്  ചെയ്ത 'ബേബി ദ ടര്‍ട്ടില്‍ ' എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ പ്രതിരോധ വാക്‌സിനേഷനെ കുറിച്ചുള്ള ബോധവത്കരണത്തിനായി 'തിരിച്ചറിവ്' എന്ന പേരില്‍ പീഡിയാട്രിക് അസോസിയേഷന് വേണ്ടി ചെയ്ത ലഘുചിത്രവും വൈറലായിരുന്നു. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പിന്നാലെ നടക്കുമ്പോഴാണ് കിരണ്‍ ആര്‍ നായറെ കണ്ടുമുട്ടുന്നത് . ഇതാണ് അമിഗോസ് എന്ന ചിത്രത്തിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് പറയാം. 

സിനിമയിലേക്ക്  വരാം, സൗഹൃദത്തിന്റെ കഥയാണ് അമിഗോസ്, സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ നിന്നൊക്കെ എങ്ങനെയാവും ' അമിഗോസ്' വ്യത്യാസപ്പെട്ടിരിക്കുക?

നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് അമിഗോസ്.  പ്രമാദമായ കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഇവരില്‍ ഒരാളുടെ വിവാഹമാണ്. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് ഒരു പ്രീമിയര്‍ പദ്മിനി കാറില്‍ അവര്‍ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഇതില്‍ രസകരമായ തമാശയും സസ്‌പെന്‍സും, പ്രകൃതി രമണീയമായ വഴികളിലൂടെയുള്ള യാത്രയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമുണ്ട്. 

സുഹൃത്തായ കിരണ്‍ ആര്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം, പ്രേമത്തിലൂടെ മലയാളികള്‍ക്ക് പരിചിതരായ ശബരീഷ് വര്‍മ്മയും മനോജ് ഗിന്നസുമെല്ലാം സിനിമയിലുണ്ട്. എങ്ങനെയാണ് ഇവര്‍ 'അമിഗോസ്' ആവുന്നത്?

 കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ ചര്‍ച്ചകളും സ്‌ക്രിപ്റ്റും പൂര്‍ത്തിയാക്കിയത്. ചിത്രത്തെ സ്‌ക്രീനിലേക്ക് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വന്നത് പ്രേമത്തിലെ സുഹൃത്തുക്കളെ തന്നെയായിരുന്നു. ജൂഡ് ആന്റണി, ശബരീഷ് വര്‍മ്മ, കൃഷ്ണാ ശങ്കര്‍ തുടങ്ങിയവരെ നേരിട്ട്  കണ്ട് കഥ പറഞ്ഞു. അവര്‍ സമ്മതം മൂളിയതോടെയാണ് പ്രൊഡക്ഷനെ കുറിച്ച് ആലോചിച്ചത്. ഡോക്ടര്‍ ഹമീദും, ഡോക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിയും, യുഎസിലുള്ള ഷിജോ കുര്യനുമെല്ലാം ഉറച്ച പിന്തുണ നല്‍കിയതോടെ ' അമിഗോസ്'  എന്ന സ്വപ്‌നം പൂവണിയുകയായിരുന്നു. നാല് മാസമെടുത്ത് പ്രീ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി. പുതുമുഖതാരം ആന്‍ പോളാണ് നായിക.ആതിരാ മാധാവ്, ഷീലു അബ്രഹാം,നോബി, മനോജ് ഗിന്നസ്,ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധയമായ വേഷം ചെയ്യുന്നുണ്ട്.

ഷൂട്ടിംങ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു, എപ്പോഴേക്കാണ്  ചിത്രം തിയേറ്ററിലേക്ക് സിനിമ എത്തുക?

സില്‍വര്‍ ബ്ലെയ്‌സ് പ്രൊഡക്ഷന്റെ ബാനറിലെത്തുന്ന ചിത്രം ക്രിസ്തുമസ് കഴിഞ്ഞ് ജനുവരിയോടെ റിലീസ് ചെയ്യാനാകുമെന്നാണ് കരുതുന്നത്. വളരെ രസകരമായി കണ്ടിരിക്കാവുന്ന ചെറിയ ബജറ്റിലുള്ള ചിത്രമാണിത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്ന ഓരോ പ്രേക്ഷകനെയും ആ പ്രീമിയര്‍ പദ്മിനിക്കാറില്‍  കൊച്ചിയില്‍ നിന്നും ഇടുക്കി വരെ കഥാപാത്രങ്ങള്‍ക്കൊപ്പം കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com