ബാക്കിയാവുന്നത് ഈ സംഗീതം മാത്രമാണ്; ബാലുവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്ന് അവര്‍ പാടി

സംഗീതത്തെ ജീവനോളം ചേര്‍ത്തുപിടിച്ചവനെ അവര്‍ സംഗീതത്തിലൂടെ ഓര്‍ത്തെടുത്തു. ബാലുവിന്റെ പ്രീയപ്പെട്ട ഗാനങ്ങള്‍ അവര്‍ ഒന്നിച്ചു പാടി
ഫോട്ടോ; മെല്‍ട്ടന്‍ ആന്റണി
ഫോട്ടോ; മെല്‍ട്ടന്‍ ആന്റണി

കൊച്ചി: ആ വേദി എന്നത്തേയും പോലെയായിരുന്നില്ല. നിറഞ്ഞ ചിരികളില്ല കരഘോഷങ്ങളില്ല എങ്ങും നിറഞ്ഞ് നിന്നത് ബാലുവിന്റെ നഷ്ടം തീര്‍ത്ത ശൂന്യത മാത്രം. സംഗീതത്തെ ജീവനോളം ചേര്‍ത്തുപിടിച്ചവനെ അവര്‍ സംഗീതത്തിലൂടെ ഓര്‍ത്തെടുത്തു. ബാലുവിന്റെ പ്രീയപ്പെട്ട ഗാനങ്ങള്‍ അവര്‍ ഒന്നിച്ചു പാടി. എറണാകുളം മഹാരാജാസ് കോളേജിലെ സെന്റിനറി ഓഡിറ്റോറിയത്തിലാണ് ബാലഭാസ്‌കറിന്റെ ഓര്‍മകള്‍ നിറഞ്ഞത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് പാടിയപ്പോള്‍ ആ ഗാനങ്ങള്‍ കേട്ടുന്നവരുടെ ഉള്ളില്‍ നോവായി. 

ബാലഭാസ്‌കര്‍ ഈണമിട്ട ഗാനങ്ങളും വയലിനില്‍ വായിച്ചിരുന്ന പാട്ടുകളുമാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വേദിയില്‍ അവതരിപ്പിച്ചത്. ബാലുവിന്റെ ലൈവ് പ്രോഗ്രാമുകളുടെ ദൃശ്യങ്ങള്‍ മിന്നിമറയുമ്പോഴും ബാലു തീര്‍ത്ത ശൂന്യത ആ വേദിയില്‍ തങ്ങിനിന്നു.

ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുസ്മരിക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ട്രിബ്യൂട്ട് ടു ബാലു 1978 ഫോര്‍എവര്‍ എന്ന പരിപാടി ഒരുക്കിയത്. ഒരുമയുടെ തന്ത്രികള്‍ എന്ന പേരില്‍ ഇവന്റ് മാനേജ്‌മെന്റെ അസോസിയേഷന്‍ ഓഫ് കേരളയായിരുന്നു സംഘാടകര്‍. 

ബാലുവിന്റെ കുഞ്ഞു മാലാഖ തേജസ്വിനി ബാലയെ ഓര്‍ത്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. കുട്ടി വയലിന്‍ കലാകാരന്മാരാണ് ജാനുവിന് വേണ്ടി സംഗീതം അവതരിപ്പിച്ചത്. തുടര്‍ന്ന് ബാലുവിന്റെ ബാഗ് ബാന്റിലെ അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ വേദിയില്‍ എത്തി. ബാലഭാസ്‌കറിനും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കും ഏറെ ഇഷ്ടപ്പെട്ട സൂര്യ ഫെസ്റ്റിവലിന്റെ തീം മ്യൂസിക്കാണ് ബിഗ് ബാന്റ് അവതരിപ്പിച്ചത്. പിന്നീട് ബാലുവിന്റെ വയലിനില്‍ തീര്‍ത്ത അത്ഭുതങ്ങളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. നിറകണ്ണുകളോടെയാണ് തങ്ങളുടെ പ്രിയപ്പെട്ടവന്റെ സംഗീതം അവര്‍ ഓര്‍ത്തെടുത്തത്. 

അജയ് സത്യന്‍, വയലിനിസ്റ്റ് മനോജ് ജോര്‍ജ്, വൈഷ്ണവ് ഗിരീഷ് എന്നിവര്‍ക്കൊപ്പം സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ്, ചെമ്മീന്‍, തൈക്കുടം ബ്രിഡ്ജ്, 100 സിസി എന്നീ ബാന്‍ഡുകളും ബാലഭാസ്‌കറിന്റെ പ്രിയപ്പെട്ട ഗാനവുമായി വേദിയില്‍ എത്തി. വേദിയുടെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞുവന്ന ബാലുവിന്റെ ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു സംഗീതം ഒരിക്കലും മരിക്കില്ലെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com