തിരക്കഥ ആരുടേതെന്ന്‌ എന്റെ വിഷയമല്ല; ഞാന്‍ സിനിമയാക്കുന്നത് മഹാഭാരതം: ബിആര്‍ ഷെട്ടി

തിരക്കഥ ആരുടെതെന്ന് എന്റെ വിഷയമല്ല; ഞാന്‍ സിനിമയാക്കുന്നത് മഹാഭാരതമെന്ന് ബിആര്‍ ഷെട്ടി
തിരക്കഥ ആരുടേതെന്ന്‌ എന്റെ വിഷയമല്ല; ഞാന്‍ സിനിമയാക്കുന്നത് മഹാഭാരതം: ബിആര്‍ ഷെട്ടി

ന്യൂഡല്‍ഹി: മഹാഭാരതം സിനിമയ്ക്കായുള്ള തിരക്കഥ എംടി വാസുദേവന്‍നായര്‍ തിരിച്ചുവാങ്ങുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് രണ്ടാമൂഴത്തിന്റെ നിര്‍മ്മാതാവ് ഡോ. ബിആര്‍ ഷെട്ടി.തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയാണെന്ന് കരുതുന്നുവെന്നും ബിആര്‍ ഷെട്ടി വ്യക്തമാക്കി. 

ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണ് മഹാഭാരതം. സിനിമാരംഗത്തെ പൊളിറ്റിക്‌സിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല. സിനിമാനിര്‍മ്മാണം എന്റെ ജോലിയല്ല. മഹാഭാരതം അല്ലാതെ മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമോ ഉദ്ദേശ്യമോ ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ടു പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ പല ഭാഷകളിലായി സിനിമ നിര്‍മ്മിക്കും. ഇക്കാര്യത്തിലൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സീഫ് കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.

അതേസമയം എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. തിരക്കുകള്‍ മൂലം എംടിയെ പ്രൊജക്ടിന്റെ പുരോഗതി അറിയിക്കാന്‍ വിട്ടുപോയി. ഇതു തന്റെ വീഴ്ചയാണെന്നും എംടിയെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണം എന്ന് എംടിക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹം നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ തന്റെ കൈകളില്‍ വച്ച് തരുമ്പോഴും ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും താനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടിയെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ലെന്ന് എംടി വാസുദേവന്‍നായര്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി.  മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍  കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് എംടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com