രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നതിന് കോടതി വിലക്ക്; ശ്രീകുമാര്‍ മേനോനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ്

രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നതിന് കോടതി വിലക്ക് - ശ്രീകുമാര്‍ മേനോനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ്
രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നതിന് കോടതി വിലക്ക്; ശ്രീകുമാര്‍ മേനോനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ്

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതി വിലക്ക്. എംടിയുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സീഫ് കോടതിയുടതാണ് നടപടി. കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനാനനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 

സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. സിനിമയുടെ പേരില്‍ മുന്‍കൂറായി താന്‍ കൈപ്പറ്റിയ പണവും തിരികെ നല്‍കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.. 'മഹാഭാരത്' പേരിലാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. 1000 കോടി ബജറ്റ് പ്രതീക്ഷിച്ചിരുന്ന സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വര്‍ഷങ്ങളെടുത്ത് നടത്തിയ പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ താന്‍ ചിത്രത്തോട് കാണിച്ച ആത്മാര്‍ത്ഥത അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നാല് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ കരാര്‍ ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

അതേസമയം എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. തിരക്കുകള്‍ മൂലം എംടിയെ പ്രൊജക്ടിന്റെ പുരോഗതി അറിയിക്കാന്‍ വിട്ടുപോയി. ഇതു തന്റെ വീഴ്ചയാണെന്നും എംടിയെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണം എന്ന് എംടിക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹം നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ തന്റെ കൈകളില്‍ വച്ച് തരുമ്പോഴും ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും താനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടിയെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com