'എംടി സത്യം പറയൂ, അത്‌ എന്റെ നോവലല്ലേ'; സുകൃതം മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി

1985ല്‍ കോട്ടയം ഡിസി ബുക്ക്‌സ് ന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ഈ തുരുത്തില്‍ ഞാന്‍ തനിയെ എന്ന നോവലിന്റെ കഥയുടെ വളരെ സാമ്യമുണ്ട് സുകൃതത്തിന് എന്നാണ് ആനിയമ്മ പറയുന്നത്
'എംടി സത്യം പറയൂ, അത്‌ എന്റെ നോവലല്ലേ'; സുകൃതം മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ സുകൃതം തന്റെ നേവലാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ആനിയമ്മ ജോസഫ്. 1985ല്‍ കോട്ടയം ഡിസി ബുക്ക്‌സ് ന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ഈ തുരുത്തില്‍ ഞാന്‍ തനിയെ എന്ന നോവലിന്റെ കഥയുടെ വളരെ സാമ്യമുണ്ട് സുകൃതത്തിന് എന്നാണ് ആനിയമ്മ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ പോലും സാമ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പലരും ഇത് പ്രശ്‌നമാക്കണമെന്ന് ആ കാലത്ത് പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ എംടി തന്റെ പ്രിയ എഴുത്തുകാരനാണെന്നും ഒന്നും ചെയ്യേണ്ട എന്നുമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറയുന്നു. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ആനിയമ്മ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിനിമ വൈകിയതിന്റെ പേരില്‍ രണ്ടാമൂഴം തിരിച്ചുവാങ്ങുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെയാണ് സത്യം അറിയണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തിയത്. 1994 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മികച്ച വിജയമായിരുന്നു. 

ആനിയമ്മ ജോസഫിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

' രണ്ടാമൂഴം സിനിമയാക്കുന്നത് താമസിച്ചു എന്ന് പറഞ്ഞു പ്രശസ്ത സാഹിത്യകാരനായ  ശ്രീ എം.ടി.വാസുദേവന്‍ നായര്‍ കേസ് കൊടുത്തതായി അറിയുന്നു.  നീണ്ട 28 വര്ഷങ്ങളായി എന്റെ മനസ്സില്‍ ഞാന്‍ കൊണ്ടുനടക്കുന്ന ഒരു വിലാപം/ഖേദം ഉണ്ട്. 1985ല്‍ കോട്ടയം ഡിസി ബുക്ക്‌സ് ന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ഈ തുരുത്തില്‍ ഞാന്‍ തനിയെ എന്ന എന്റെ നോവലിന്റെ കഥയുടെ വളരെ സാമ്യമുള്ള കഥയുമായി സുകൃതം എന്ന സിനിമ ഇറങ്ങിയത് 1994 ല്‍ .ആ സിനിമ കണ്ട എന്റെ സഹപ്രവര്‍ത്തകര്‍ പലരും പറഞ്ഞു, സിനിമയിലെ സംഭാഷണങ്ങള്‍ക്ക് പോലും വളരെ സാമ്യമുണ്ടെന്ന്. എന്റെ നോവല്‍ വായിച്ചിട്ടുള്ള ചിലര്‍ എഴുതി, ' തീര്‍ച്ചയായും ടീച്ചറിന്റെ കഥയുടെ ഒരു ത്രെഡ് എങ്കിലും എം.ടി. സിനിമയില്‍ എടുത്തിട്ടുണ്ട്; ഞങ്ങളിതൊരു issue വിഷയം ആക്കുവാന്‍ പോകുകയാണ്'. എം.ടി.എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ്; ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു ഞാനവരെ നിരുത്സാഹപ്പെടുത്തി.

സര്‍വ്വശ്രീ.എന്‍ .വി.കൃഷ്ണവാരിയര്‍ , വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കെ.ജയകുമാര്‍ എന്നിവരായിരുന്നു ജഡ്ജിമാര്‍.1985 ല്‍ ഡിസി ബുക്‌സ്‌ന്റെ പത്താം വാര്‍ഷികത്തിന് മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് ബഹുമാനപ്പെട്ട തകഴിയായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്.
സിനിമയില്‍ എന്റെ കഥയുമായുള്ള സാമ്യത്തെ ക്കുറിച്ചു ഡി സി കിഴക്കേമുറി സാറിനോട് ഞാന്‍ സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല. അതുമായി മുന്നോട്ടു പോകുവാന്‍ ആരും എനിക്ക് ഒത്താശ ചെയ്തുമില്ല.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ മകള്‍ ഒരു സിനിമയുടെ വെബ്‌സൈറ്റില്‍ ഒരു ചര്‍ച്ചയില്‍ ചേര്‍ന്നപ്പോള്‍ സുകൃതത്തിന്റെ കഥ നരേന്ദ്രപ്രസാദ് ആണ് കൊടുത്തതെന്ന് അറിയുവാന്‍ ഇടയായി. എന്റെ കഥ പോയ വഴി മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. 1990 91 കാലയളവില്‍ ഞാന്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം ഫില്‍ നു പഠിക്കുമ്പോള്‍ എന്റെ നോവല്‍ ഞങ്ങളുടെ ഡയറക്ടര്‍ ആയിരുന്ന നരേന്ദ്ര പ്രസാദ് സാറിന് കൊടുക്കുകയുണ്ടായി . ഇതിലെ വാസ്തവം പ്രിയപ്പെട്ട എം.ടി. സാര്‍ പറയുമോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com