'ഇത് കേട്ട് ഞങ്ങള്‍ വെറുതെ ഇരിക്കില്ല'; മീടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തമിഴ് താരസംഘടന

ഇന്റസ്ട്രിയുടെ സുരക്ഷയും ഒരുമയും ഉറപ്പാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്
'ഇത് കേട്ട് ഞങ്ങള്‍ വെറുതെ ഇരിക്കില്ല'; മീടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തമിഴ് താരസംഘടന

ചെന്നൈ; ഇന്ത്യയില്‍ വലിയ കോലാഹലങ്ങളാണ് മീടൂ മൂവ്‌മെന്റ് സൃഷ്ടിക്കുന്നത്. ബോളിവുഡില്‍ ആരോപണം നേരിടുന്നവര്‍ക്കെതിരേ പ്രമുഖതാരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തി കഴിഞ്ഞു. തമിഴ് സിനിമ മേഖലയില്‍ നിന്നും മീടൂവിനെ പിന്തുണയ്ക്കുന്ന നിലപാട് പുറത്തുവരുന്നത്. മീ ടൂ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയമിക്കുമെന്ന് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റേയും തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റേയും പ്രസിഡന്റായ വിശാല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് വിശാല്‍ നിലപാട് വ്യക്തമാക്കിയത്. 

നടികര്‍ സംഘം, എഫ്ഇഎഫ്എസ്‌ഐ, ടിഎഫ്പിസി, ഫിലിം ചേമ്പര്‍ എന്നീ സംഘടനകളേയും ചേര്‍ത്തുകൊണ്ട് മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. ഇന്റസ്ട്രിയുടെ സുരക്ഷയും ഒരുമയും ഉറപ്പാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. അതുപോലെ നടിമാര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്ന് ഇതിലൂടെ കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോനാണ് വൈരമുത്തുവിന് എതിരായ ലൈംഗിക അധിക്രമങ്ങളെക്കുറിച്ച് പുറത്തുകൊണ്ടുവന്നത്. അതിന് പിന്നാലെ ഗായിക ചിന്‍മയി തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തി. എന്നാല്‍ ഇതിനെക്കുറിച്ച നിലപാട് സ്വീകരിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വിശാല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 

ആരോപണം പരിശോധിച്ച് ശരിയെന്ന് തെളിഞ്ഞാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ലെന്നും വിശാല്‍ വ്യക്തമാക്കി. ഷൂട്ടിങ് സൈറ്റുകളിലുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണമായി ഇത് മാറുമെന്നാണ് അദ്ദേഹം പറയുന്നത്. അമല പോളിനെ പോലെ പെട്ടെന്ന് പ്രതികരിച്ചാല്‍ വേഗം നീതി ലഭിക്കും അതുകൊണ്ട് അതിക്രമം മൂടിവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com