ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം; നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളും അസഭ്യവര്‍ഷവും 

താരസംഘടനയായ അമ്മയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം
ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം; നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളും അസഭ്യവര്‍ഷവും 

കൊച്ചി: താരസംഘടനയായ അമ്മയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം. അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നടിമാര്‍ക്ക് എതിരെ അശ്ലീല പദപ്രയോഗങ്ങളാണ് നടന്മാരുടെ ഫാന്‍സുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ നടത്തിയിരിക്കുന്നത്. ഡബ്ല്യൂസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അശ്ലീല പദപ്രയോഗങ്ങളും അസഭ്യവര്‍ഷവും നടത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു പിന്തുണയും സംഘടനയില്‍നിന്നു ലഭിച്ചില്ലെന്ന് ഡബ്ല്യുസിസി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. നടിക്കു വേണ്ടി നിലകൊണ്ട തങ്ങളെ അപമാനിക്കുന്ന സമീപനമാണ് മോഹന്‍ലാലില്‍നിന്നുണ്ടായതെന്ന് രേവതി, പാര്‍വതി, അഞ്ജലി മേനോന്‍, രമ്യാ നമ്പീശന്‍, പദ്മപ്രിയ, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍, ബീനാപോള്‍, അര്‍ച്ചന പദ്മിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പതിനഞ്ചു വര്‍ഷമായി സിനിമാ രംഗത്തുള്ള നടിക്കെതിരെ ആക്രമണം നടന്നിട്ട് സംഘടനയില്‍നിന്ന് വേണ്ടത്ര പിന്തുണകിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സംഘനയ്ക്കു കത്തു കൊടുത്തത്. കുറ്റാരോപിതനായ നടന്റെ സംഘടനാ അംഗത്വം സംബന്ധിച്ച വ്യക്തത വരുത്തണം എന്ന ആവശ്യത്തില്‍ ഒരു മറുപടിയും നല്‍കാന്‍ നേതാക്കള്‍ തയാറായിട്ടില്ലെന്ന് ഡബ്ല്യൂസിസി ആരോപിച്ചു. 

സംഘടനയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂന്നു നടിമാര്‍ എന്നാണ് അമ്മ പ്രസിഡന്റ് ഞങ്ങളെക്കുറിച്ചു പറഞ്ഞത്. മൂന്നു പേരു പറയാന്‍ പോലും അമ്മ പ്രസിഡന്റിനു കഴിഞ്ഞില്ലെന്ന് രേവതി പറഞ്ഞു.

കുറ്റാരോപിതനായ ആള്‍ സംഘടനയ്ക്ക് അകത്താണ്, പീഡനം അനുഭവിച്ചയാള്‍ സംഘടനയ്ക്കു പുറത്തും. ഇതാണോ നീതിയെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ചോദിച്ചു. തങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണെന്ന് അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com