ഡബ്ലിയുസിസിക്കെതിരെ കടുത്ത ആരോപണവുമായി നടന്മാര്‍; അമ്മയെ തകര്‍ക്കാന്‍  ഗൂഢ അജണ്ടയെന്ന് സിദ്ധിഖ് , അമ്മയിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാന്‍ ശ്രമമെന്ന് ബാബുരാജ് 

സംഘടനയെ താറടിക്കാനാണ് ഡബ്ലിയുസിസി അംഗങ്ങളായ നടിമാര്‍ പലപ്പോഴും ശ്രമിച്ചതെന്നും  ബാബുരാജ്
ഡബ്ലിയുസിസിക്കെതിരെ കടുത്ത ആരോപണവുമായി നടന്മാര്‍; അമ്മയെ തകര്‍ക്കാന്‍  ഗൂഢ അജണ്ടയെന്ന് സിദ്ധിഖ് , അമ്മയിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാന്‍ ശ്രമമെന്ന് ബാബുരാജ് 


കൊച്ചി : സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ കടുത്ത വിമര്‍ശനവുമായി അമ്മ ഭാരവാഹികളായ നടന്മാര്‍ രംഗത്ത്. അമ്മയെ തകര്‍ക്കാന്‍ ഡബ്ലിയുസിസിക്ക് ഗൂഢ അജണ്ടയുണ്ടെന്നാണ് താരസംഘടനയുടെ സെക്രട്ടറി കൂടിയായ നടന്‍ സിദ്ധിഖ് ആരോപിച്ചത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചതായി താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി നടന്‍ സിദ്ധിഖ് വ്യക്തമാക്കി. പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ താന്‍ നല്‍കിയത് പ്രകാരമുള്ളതല്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. കോടതിയില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നും സിദ്ധിഖ് പറഞ്ഞു. 

അമ്മയിലിരുന്ന് കൊണ്ട് ചോരയൂറ്റി കുടിച്ച് വളരാനാണ് ഡബ്ലിയുസിസി ശ്രമിക്കുന്നതെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. സംഘടനയെ താറടിക്കാനാണ് ഡബ്ലിയുസിസി അംഗങ്ങളായ നടിമാര്‍ പലപ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മ യോഗത്തില്‍ 40 മിനുട്ടോളം ഡബ്ലിയുസിസി ഉന്നയിച്ച വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന്റെ ക്ലിപ്പ് തന്റെ കൈവശമുണ്ട്. എന്നിട്ടും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. 

അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് തിരികെ സംഘടനയിലേക്ക് വരാം. അതിന് അവര്‍ അപേക്ഷ നല്‍കണം. അതാണ് അതിന്റെ നടപടിക്രമങ്ങള്‍. രാജിവെച്ചവര്‍ മാപ്പു പറയണമെന്ന കെപിഎസി ലളിതയുടെ പ്രസ്താവന, നാടന്‍ പ്രയോഗമായി കണ്ടാല്‍ മതി. നടിമാര്‍ മാപ്പു പറയേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ നടിമാര്‍ തിരികെ വരുന്ന കാര്യം ചര്‍ച്ച ചെയ്യാനായി അമ്മയുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കില്ല. ഏതു വിഷയത്തിലും അമ്മ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com