മക്കളെ ഒന്നിപ്പിക്കാന്‍ മോഹന്‍ലാല്‍; അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്

നിര്‍വാഹക സമിതിയിലെ അംഗങ്ങളുമായി മോഹന്‍ലാല്‍ പ്രത്യേകം ചര്‍ച്ച നടത്തിയേക്കും
മക്കളെ ഒന്നിപ്പിക്കാന്‍ മോഹന്‍ലാല്‍; അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്

കൊച്ചി: ഡബ്ല്യൂസിസി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയ്ക്കുള്ളില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് സംഘടനയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ അംഗങ്ങളുമായി മോഹന്‍ലാല്‍ പ്രത്യേകം ചര്‍ച്ച നടത്തിയേക്കും. നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. 

ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ 'അമ്മ'യിലെ അംഗങ്ങള്‍ രണ്ടു തട്ടിലാണ്. ഇത് പരിഹരിക്കുകയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ഇരയായ നടിയെ സംരക്ഷിക്കാന്‍ 'അമ്മ' തയാറായില്ലെന്നും കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.  എന്നാല്‍ ഇതിനെതിരെ നടന്‍ സിദ്ദീഖും നടി കെപിഎസി ലളിതയും പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായി. സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ക്കു വിരുദ്ധമായി 'അമ്മ' വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചര്‍ച്ചയായതോടെയാണ് സംഘടനയില്‍ ഭിന്നതയുണ്ടെന്നു വ്യക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com