സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ, ഈ വാശി കാപട്യമല്ലേ; പാര്‍വതിക്കെതിരെ സനല്‍കുമാര്‍ 

സിനിമകളില്‍ അവസരം കുറഞ്ഞെന്ന് നടി പാര്‍വതിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ, ഈ വാശി കാപട്യമല്ലേ; പാര്‍വതിക്കെതിരെ സനല്‍കുമാര്‍ 

സിനിമകളില്‍ അവസരം കുറഞ്ഞെന്ന് നടി പാര്‍വതിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നടിയെ താന്‍ ഒരു ചിത്രത്തിനായി സമീപിച്ചിരുന്നെന്നും കഥ വിവരിച്ച് മെസേജ് അയച്ചെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്ന് സനല്‍കുമാര്‍ ചോദിക്കുന്നു. ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ 'പിന്തിരിപ്പന്‍' സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുന്നത് കാപട്യമല്ലേ എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സനല്‍ ചോദിക്കുന്നു. 


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആര്‍ട്ടിസ്റ്റിനെ ഉള്‍പ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോള്‍ പാര്‍വതിയുടെ പേര് ഉയര്‍ന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇന്‍ഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവര്‍ സഹകരിക്കുമോ എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചു . എന്തിനു മുന്‍വിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പര്‍ തന്നു. ഞാന്‍ വിളിച്ചു. പാര്‍വതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പര്‍ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങള്‍ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല. ഞാന്‍ പിന്നെ ആ വഴിക്ക് പോയില്ല.

ഒരു പ്രോജക്ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ 'പിന്തിരിപ്പന്‍' സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com