'ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ എന്നെ ആലിംഗനം ചെയ്യുകയായിരുന്നു'; മീടു ആരോപണവുമായി ശ്രുതി ഹരിഹരന്‍

തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെ തുറന്നടിച്ച് രംഗത്തുവന്നിരിക്കുന്നത് മലയാളിയായ യുവനടി ശ്രുതി ഹരിഹരനാണ്. 
'ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ എന്നെ ആലിംഗനം ചെയ്യുകയായിരുന്നു'; മീടു ആരോപണവുമായി ശ്രുതി ഹരിഹരന്‍

മി ടൂ മൂവ്‌മെന്റ് തുടങ്ങിയതില്‍പ്പിന്നെ ജനം ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളെക്കുറിച്ചെല്ലാമാണ് ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്. സിനിമാ ലോകത്ത് നിന്നുള്ള മി ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നുമില്ല. പല പെണ്‍കുട്ടികളും തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെ തുറന്നടിച്ച് രംഗത്തുവന്നിരിക്കുന്നത് മലയാളിയായ യുവനടി ശ്രുതി ഹരിഹരനാണ്. 

2017ല്‍ പുറത്തിറങ്ങിയ,  അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്.  ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു. 

മാത്രമല്ല, വിയോജിപ്പ് പ്രകടിച്ചതിന് ശേഷവും അര്‍ജുന്‍ തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെന്നും ശ്രുതി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് ശ്രുതി താന്‍ നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞത്. 

തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് യുവനടിയാണ് ശ്രുതി ഹരിഹരന്‍. മാമാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തില്‍ ശ്രുതിയായിരുന്നു നായിക. ദുല്‍ഖര്‍ ചിത്രമായ സോളോയിലും അഭിനയിച്ചിട്ടുണ്ട്. 

ശ്രുതി ഹരിഹരന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങള്‍ സാധാരണ പോലെ കടന്നു പോയി. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു. 

ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി. 

സിനിമയില്‍ റിയലിസ്റ്റാക്കായി അവതരിപ്പിക്കുന്നതിനോട് പൂര്‍ണ യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു

ക്യാമറ റോള്‍ ചെയ്ത് ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി രംഗങ്ങള്‍ റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. അഭിനേതാവിന്റെ ശരീര ഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. അതൊരു മാതൃകാപരമായ നടപടിയാണ്. നിങ്ങള്‍ സംസാരിക്കുന്നു, അഭിനയിക്കുന്നു, ഒടുവില്‍ ആ രംഗത്തിനു വേണ്ടത് കണ്ടെത്തുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ രംഗത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഞാന്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍ ആകുമ്പോള്‍.

ചിത്രത്തിന്റെ സംവിധായകനും എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലുകള്‍ക്ക് താല്‍പര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിനെ ഞാന്‍ അറിയിച്ചു. എന്റെ മെയ്ക്കപ്പ് ടീമിനോടും ഈ സംഭവം ഞാന്‍ പങ്കു വച്ചു.  

ചുരുങ്ങിയത് അന്‍പതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിനു മുന്‍പിലാണ് ഇതു സംഭവിച്ചത്. എന്റെ ജോലിസ്ഥലത്താണ് ഇതു സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട് സഹിഷ്ണുത വച്ചുപുലര്‍ത്തുന്നതിനെക്കാളും ഒഴിഞ്ഞുമാറാന്‍ ഞാന്‍ ആഗ്രഹിച്ചു. കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ ചെയ്യേണ്ട ജോലി പൂര്‍ത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകള്‍ എന്റെ തൊഴില്‍ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങള്‍ എന്നെ നടുക്കി.

സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചത് ഓര്‍ത്തുപോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാതെ തുടരുന്നതില്‍ അമ്പരന്നിട്ടും,  ഞാന്‍ സൗഹാര്‍ദപൂര്‍ണമായ അകലം പാലിച്ചു''.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com