'മലയാളികളെ ഇത് തമാശയല്ല, ഞാന്‍ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപം'; വിമര്‍ശനവുമായി സുഡുമോന്‍

സോഷ്യല്‍ മീഡിയയില്‍ ട്രോളായി വന്ന വംശീയ അധിക്ഷേപമാണ് താരത്തെ വേദനിപ്പിച്ചത്
'മലയാളികളെ ഇത് തമാശയല്ല, ഞാന്‍ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപം'; വിമര്‍ശനവുമായി സുഡുമോന്‍

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടനാണ് സാമുലവല്‍ അബിയോള റോബിന്‍സണ്‍. ഇരുകൈയും നീട്ടിയാണ് സുഡുമോനെ ആരാധകര്‍ സ്വീകരിച്ചത്. അതുപോലെ കേരളത്തില്‍ നിന്ന് പോയതിന് ശേഷവും മലയാളികളുടെ സ്‌നേഹത്തെക്കുറിച്ചും ഇവിടത്തെ ഭക്ഷണത്തെക്കുറിച്ചുമൊക്കെ പറയാനെ സുഡുമോന് നേരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മലയാളികളില്‍ നിന്നുണ്ടായ അധിക്ഷേപത്തില്‍ തകര്‍ന്നിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ട്രോളായി വന്ന വംശീയ അധിക്ഷേപമാണ് താരത്തെ വേദനിപ്പിച്ചത്. 

സുഡാനി ഫ്രം നൈജീരിയയിലെ ഒരു രംഗം ഉപയോഗിച്ചാണ് വംശീയമായ ഒരു മീം നിര്‍മിച്ചിരിക്കുന്നത്. സുഡുമോന്റേയും ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചായി എത്തിയ സൗബിന്റേയും ചിത്രത്തിന് മുകളില്‍ വംശീയമായ വാക്കുകള്‍ എഴുതി ചേര്‍ത്താണ് മീം തയാറാക്കിയിരിക്കുന്നത്. ഒരു മൃഗത്തെയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അപായപ്പെടുത്തിയിട്ടില്ല പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കൂ'. 

രാവിലെ തൊട്ട് ഈ മീമിലേക്ക് നിരവധി പേര്‍ തന്നെ ടാഗ് ചെയ്യുകയാണെന്നാണ് താരം പറയുന്നത്. ഇത് കണ്ട് വളരെ സങ്കടവും ദേഷ്യവും തോന്നിയെന്നും സാമുവല്‍ പറഞ്ഞു. മലയാളത്തിലെ പ്രമുഖ മീം പേജായ 'ഒഫന്‍സിവ് മലയാളം മീം' എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്‌തെതെന്ന് സാമുവല്‍ പറയുന്നു. സംഭവം വിവാദമായതോടെ ഒഫന്‍സിവ് മലയാളം മീം പേജ് അടച്ച് പൂട്ടിയിരിക്കുകയാണ്. 

തന്റെ ജീവിതത്തിലുണ്ടായതില്‍ വെച്ച് ഏറ്റവും പ്രകടമായ വംശീയാധിക്ഷേപമാണിത് എന്നാണ് സാമുവല്‍ പറയുന്നത്. ഇതിന് തമാശയായി കാണാനാവില്ലെന്നും ഒരാളുടെ ഗോത്രത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ഒരുകാലത്തും സ്വീകാര്യമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മലയാളികള്‍ വളരെ നല്ലവരാണ്. എനിക്കിവിടെ നല്ല സുഹൃത്തുക്കളുമുണ്ട്. പക്ഷെ ഇത് മലയാളികളില്‍ അത്ര നല്ല പ്രതിഫലനമല്ല ഉണ്ടാക്കുക. ഞാനിതുവരെ അനുഭവിച്ചിട്ടുള്ള ഏറ്റവും പ്രകടമായ വംശീയാധിക്ഷേപം ആണ് ഇത്. പരിണാമ കാലത്തിന്റെ ആരംഭ കാലത്ത് തന്നെ നില്‍ക്കുന്ന ചിലരാണ് എന്നെ മൃഗമായി താരതമ്യപ്പെടുത്തിയിരിക്കുന്നതെന്നതാണ് വിരോധാഭാസം. എല്ലാ കറുത്ത വര്‍ഗക്കാരും നേരിടേണ്ടി വരുന്ന വലിയ അസംബന്ധം ആണിത്. ഈ പോസ്റ്റാണ് ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വെറുപ്പുളവാക്കുന്നത്.' അദ്ദേഹം കുറിച്ചു. 

പോസ്റ്റിന് പിന്നാലെ ഫേയ്‌സ്ബുക് ലൈവില്‍ വന്ന തനിക്കുണ്ടായ മനോവിഷമത്തെക്കുറിച്ച് താരം പറഞ്ഞു. കേരളത്തിലായിരുന്നെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com