മീ ടു: മുകേഷ് ചാബ്രയുടെ ഓഫര്‍ നിരസിച്ച് ലാറ ദത്ത, ആരോപണവിധേയര്‍ക്കൊപ്പം സഹകരിക്കില്ലെന്ന് മഹേഷ് ഭൂപതി 

ട്വിറ്ററിലൂടെ ലാറയുടെ ഭര്‍ത്താവും ഇന്ത്യന്‍ ടെന്നീസ് താരവുമായ മഹേഷ് ഭുപതിയാണ് ഈ വിവരം പുറത്തുവിട്ടത്
മീ ടു: മുകേഷ് ചാബ്രയുടെ ഓഫര്‍ നിരസിച്ച് ലാറ ദത്ത, ആരോപണവിധേയര്‍ക്കൊപ്പം സഹകരിക്കില്ലെന്ന് മഹേഷ് ഭൂപതി 

മീടു വിവാദത്തില്‍ കുരുങ്ങിയ പ്രശസ്ത സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചാബ്രയുടെ ഓഫര്‍ നിരസിച്ച് ബോളിവുഡ് നടി ലാറ ദത്ത. ആരോപണവിധേയനായ സംവിധായകനൊപ്പം അഭിനയിക്കണ്ടെന്ന തീരുമാനമാണ് മുന്‍ ലോകസുന്ദരിയുടേത്. ട്വിറ്ററിലൂടെ ലാറയുടെ ഭര്‍ത്താവും ഇന്ത്യന്‍ ടെന്നീസ് താരവുമായ മഹേഷ് ഭുപതിയാണ് ഈ വിവരം പുറത്തുവിട്ടത്. 

രണ്ട് ദിവസം മുന്‍പ് ലാറയ്ക്ക് മുകേഷ് ചാബ്രയുടെ കാസ്റ്റിഗ് കമ്പനി വഴി ഒരു അന്താരാഷ്ട്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി സഹകരിക്കാന്‍ ക്ഷണം ലഭിച്ചെന്നും എന്നാല്‍ ലാറ അവരുമായി സഹകരിക്കാന്‍ വിസമ്മതം അറിയിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നെന്നും ഭൂപതി ട്വീറ്റില്‍ പറയുന്നു. രാജ്യം മുഴുവന്‍ മീ ടു വെളിപ്പെടുത്തലുകള്‍ തരംഗം സൃഷ്ടിക്കുമ്പോഴും പ്രശസ്തരും സമൂഹത്തില്‍ സ്വാധീനമുള്ളവരും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെയുള്ള തന്റെ ഉത്കണ്ഠയും ഭൂപതി ട്വീറ്റില്‍ പങ്കുവച്ചു.

മീടു തുറന്നുപറച്ചിലുകള്‍ തന്നെപോലെതന്നെ ലാറയെയും വളരെയധികം വിഷമിപ്പിക്കുന്നുണ്ടെന്നും ഒരുപക്ഷെ ലാറയ്ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ദുഖമുണ്ടെന്നും ഭുപതി പറയുന്നു. 'ലാറയുടെ സുഹൃത്തുക്കളായ പലരും ഈ വിഷയത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുകയും ആരോപണവിധേയരാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്‍ഡസ്ട്രിയിലെ പല പ്രമുഖരും പ്രതികരിക്കാന്‍ വിസ്സമ്മതിക്കുകയാണ്', ഭുപതി ട്വീറ്റില്‍ കുറിച്ചു. സാജിദ് ഖാന്‍ ഹൗസ്ഫുള്‍ 4 സംവിധാനം ചെയ്യില്ല, പക്ഷെ അതുമാത്രം മതിയോ എന്നും ഭുപതി ചോദിക്കുന്നു. 

സുഹേല്‍ സേത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാല്‍ പല പ്രമുഖര്‍ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്നിട്ടും അതില്‍ ഒരാള്‍ക്കുപോലും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും മിണ്ടാതിരിക്കുന്ന സ്ത്രീകളും ഇങ്ങനെയുള്ള അനീതികള്‍ക്ക് മൗനമായി കൂട്ടുനില്‍ക്കേണ്ടിവന്നിട്ടുള്ള പുരുഷന്‍മാര്‍ക്കും എല്ലാം ശരിയാക്കാനുള്ള അവസരമാണിതെന്നും ഭുപതി പറയുന്നു. 

ഞാനും ഇത്തരത്തിലുള്ള പല കഥകളും കേട്ടിട്ടുണ്ടെങ്കിലും ബിസിനസ്സിനെ ബിസിനസ്സായി മാത്രം കണ്ടുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അവഗണിക്കുകയായിരുന്നു. പ്രൊഫഷണല്‍ ആയിട്ടും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിട്ടും സുഹേല്‍ സേത്ത്, വികാസ് ബാല്‍, അനിര്‍ബാന്‍ ബ്ലാ, ചേതന്‍ ഭഗത്, സാജിദ് ഖാന്‍, അമു മാലിക് എന്നിവരുമായി ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇന്നത്തോടെ അവസാനിക്കുന്നു. നിരപരാധി ആണെന്ന് തെളിയുന്നതുവരെ ഇത്തരം ആളുകളെ അകറ്റിനിര്‍ത്തണമെന്നും ഭുപതി ട്വീറ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com