വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകള്‍, പേരുകള്‍ സഹിതം പങ്കുവച്ചു; പുലിവാലു പിടിച്ച് 'അമ്മ'

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ രൂപമെടുത്ത വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകളും ആരോപണങ്ങളും
വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകള്‍, പേരുകള്‍ സഹിതം പങ്കുവച്ചു; പുലിവാലു പിടിച്ച് 'അമ്മ'

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ രൂപമെടുത്ത വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകളും ആരോപണങ്ങളും. 12 നടിമാര്‍ പങ്കെടുത്ത യോഗത്തിലാണ്, മോശമായി പെരുമാറിയതായുള്ള വെളിപ്പെടുത്തലുകള്‍ മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ വന്നത്. ഇക്കാര്യമടക്കം യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംഘടന. 

മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്.വെള്ളിയാഴ്ചത്തെ നിര്‍വാഹക സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്‍ അംഗങ്ങളെന്നു വ്യക്തമാക്കിയത്. 

എന്നാല്‍, അമ്മ യോഗത്തിനുശേഷം അതേ ഹോട്ടലില്‍ വനിതാ സെല്ലിന്റെ ആദ്യയോഗം കൂടിയപ്പോള്‍ ഇവര്‍ക്കൊപ്പം, ക്ഷണിക്കപ്പെട്ട 9 നടിമാര്‍കൂടി പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണു ക്ഷണിതാക്കളായി എത്തിയത്. തലേദിവസം ഇവരെ അമ്മ ഭാരവാഹിയും സെല്‍ നേതാവും ക്ഷണിക്കുമ്പോഴും വനിതാ സെല്ലിലേക്കാണെന്നു പറഞ്ഞിരുന്നില്ല.

ചര്‍ച്ചയ്ക്കിടെയാണ് ചിലര്‍, തങ്ങള്‍ സിനിമാ മേഖലയില്‍നിന്നു നേരിട്ട ദുരനുഭവങ്ങള്‍ ഒളിവും മറയുമില്ലാതെ പേരുകള്‍ സഹിതം പങ്കുവച്ചത്. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത വേണമെന്നും ഉടനടി പ്രതികരിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് യോഗം പിരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com