'എന്റെ സ്വപ്‌നങ്ങളെയാണ് അയാള്‍ ഇല്ലാതെയാക്കിയത്' ; വൈരമുത്തുവിനെതിരെ  വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍

ഇവിടെ എനിക്കുള്ള ശക്തി നിനക്ക് അറിയാത്തത് കൊണ്ടാണ്‌.ഇല്ലാതാക്കിക്കളയും ' എന്നായിരുന്നു ആദ്യ ഭീഷണി. അങ്ങനെയാണെങ്കില്‍ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു.
'എന്റെ സ്വപ്‌നങ്ങളെയാണ് അയാള്‍ ഇല്ലാതെയാക്കിയത്' ; വൈരമുത്തുവിനെതിരെ  വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍. പ്രശസ്ത  ഗായികയായ ഭുവന ശേഷനാണ് വൈരമുത്തുവില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്...

ഇരുപത് വര്‍ഷം മുമ്പാണ് വൈരമുത്തുവിനെ പരിചയപ്പെടുന്നത്. എന്റെ ശബ്ദത്തിലും തമിഴ് ഉച്ചാരണത്തിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. പാടിയത് റെക്കോര്‍ഡ് ചെയ്തതുമായി സ്റ്റുഡിയോയിലേക്ക് വന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതനുസരിച്ച് ഡെമോ കൊടുക്കുന്നതിനായി പോയി കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഫോണില്‍ വിളിച്ചു. യാതൊരു ഉപദ്രവവുമില്ലാത്ത സംസാരമായിരുന്നു ആദ്യം. ഭാരതിയെയും, ജാനകിരാമനെയും ശിവാജി ഗണേശനെ കുറിച്ചുമെല്ലാം ആ സംഭാഷണം നീണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം നല്ല സ്വരം മാത്രമല്ല, നല്ല ബുദ്ധി എനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വരി ഇങ്ങനെ ആയിരുന്നു, ബുദ്ധിയും സൗന്ദര്യവുമൊത്തു ചേര്‍ന്ന ഒരു പെണ്ണിനായുള്ള എന്റെ അന്വേഷണം നിന്നില്‍ അവസാനിക്കുമോ?  എനിക്ക് ഇത്തരം സംസാരം ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞു.

പിറ്റേദിവസം വൈരമുത്തു വീണ്ടും വിളിച്ചു. മലേഷ്യയ്ക്ക് ട്രിപ്പ് പോകുന്നുണ്ട്, വരുന്നോ എന്ന് അന്വേഷിച്ചു. പാടാനാണോ അതോ ആങ്കറിങിനാണോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. രണ്ടിനുമല്ല എന്നായിരുന്നു മറുപടി. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായെങ്കിലും ഒന്നും അറിയാത്തത് പോലെ ഞാന്‍ പിന്നെന്തിനാണ് എന്ന് ചോദിച്ചു. ' ഇതു പോലും അറിയില്ലേ? നീ എന്താ ചെറിയ കുട്ടിയാണോ?  ഇങ്ങനെ പോയാല്‍ നിന്റെ ലൈഫ് സെറ്റിലാവില്ല' എന്നായിരുന്നു അയാള്‍ പറഞ്ഞത്. ആ ഓഫര്‍ ഞാന്‍ നിരസിച്ചു. മേലില്‍ എന്നെ വിളിക്കരുതെന്ന് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളി വന്നു. അവസാനമായിട്ട് ചോദിക്കുകയാണ് മലേഷ്യയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. വരുന്നുണ്ടോ ഇല്ലയോ?. കഴിഞ്ഞ തവണ എന്തും പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്. ഇല്ല എന്നല്ലേ, അതില്‍ മാറ്റമൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

 ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ' ഈ ഇന്‍ഡസ്ട്രിയിലേ നിന്നെ ഞാന്‍ നിര്‍ത്തില്ല. എല്ലാ വഴിയും അടയ്ക്കും. ഇവിടെ എനിക്കുള്ള ശക്തി നിനക്ക് അറിയാത്തത് കൊണ്ടാണ്‌. ഇല്ലാതാക്കിക്കളയും ' എന്നായിരുന്നു ആദ്യ ഭീഷണി. അങ്ങനെയാണെങ്കില്‍ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. ഈ സംഭാഷണത്തിന് പിന്നാലെ വിദേശത്തേക്കുള്ള മൂന്ന് ഷോകളില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെട്ടു. ' സോറി മാ, മുകളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ട് ഒഴിവാക്കാന്‍' എന്നായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് പറഞ്ഞത്.  ഇനിയൊരിക്കലും പിന്നണി പാടാന്‍ അങ്ങനെ പോകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
 ഈ ഫീല്‍ഡില്‍ നിന്നും വൈര മുത്തു മാത്രമാണോ ഇങ്ങനെയുള്ളതെന്ന് ചോദിച്ചാല്‍ അല്ല, പക്ഷേ എന്റെ സ്വപ്നത്തെ ഇല്ലാതെയാക്കിയത് അയാളാണ്. എന്റെ ഉള്ളിലെ പിന്നണി ഗായികയെ അയാള്‍ കൊന്നു കളഞ്ഞു. വളരെ കുലീനമായ സദസ്സിന് വേണ്ടി മാത്രം ഞാന്‍ പിന്നെയും പാടി.
 ഇത് തുറന്ന് പറയാന്‍ എല്ലാ ധൈര്യവും തന്നത് എന്റെ 16 വയസ്സുകാരന്‍ മകനാണ്. അവന്‍ തന്ന മാനസിക പിന്തുണ വളരെ വലിയതാണ്. അടുത്ത തലമുറയില്‍ അതുകൊണ്ട് തന്നെ എനിക്ക്  വലിയ പ്രതീക്ഷയുണ്ട്. ഈ തുറന്ന് പറച്ചിലിന് വലിയ പ്രേരണയായത് ചിന്‍മയിയാണ്. അവര്‍ക്കും എന്റെ സ്‌നേഹം. കഴിഞ്ഞ 20 വര്‍ഷമായി മനസിലിട്ട് നീറി നടന്ന കാര്യമാണ് ഇപ്പോള്‍ ഒന്നിറക്കി വയ്ക്കുന്നത്. എന്റെ അനുഭവം മറ്റ് സ്ത്രീകളെയും തുറന്ന് പറച്ചിലിന് പ്രേരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com