അതായിരുന്നു ആ ക്ലൈമാക്‌സിന്റെ കരുത്ത്; പ്രേക്ഷക ഹൃദയം കവര്‍ന്ന അനുഭവം പങ്കിട്ട് ഫാസില്‍

അതായിരുന്നു ആ ക്ലൈമാക്‌സിന്റെ കരുത്ത്; പ്രേക്ഷക ഹൃദയം കവര്‍ന്ന അനുഭവം പങ്കിട്ട് ഫാസില്‍
അതായിരുന്നു ആ ക്ലൈമാക്‌സിന്റെ കരുത്ത്; പ്രേക്ഷക ഹൃദയം കവര്‍ന്ന അനുഭവം പങ്കിട്ട് ഫാസില്‍

കുഞ്ചാക്കോ ബോബന്റെ ആദ്യചിത്രമായ അനിയത്തിപ്രാവ് കണ്ടവര്‍ വീണ്ടും വീണ്ടും കണ്ടത് ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ ശക്തിയാണെന്ന് വാദിക്കുന്നവര്‍ ഏറെയാണ്.  ഉള്ളു പിടഞ്ഞ്, കണ്ണു നിറഞ്ഞ് മലയാളികള്‍ കണ്ട നന്മയുള്ള ഒരു രംഗമായിരുന്നു അനിയത്തിപ്രാവിന്റെ ക്ലൈമാക്‌സ്. 'എന്റെ മോളല്ലേ, ഇങ്ങു തന്നേരെ... ഞാന്‍ നോക്കിക്കോളാം പൊന്നുപോലെ,' എന്നു ശ്രീദേവിയുടെ കഥാപാത്രം പറയുമ്പോള്‍ പുഞ്ചിരിയോടെ തിയറ്ററിന്റെ ഇരുട്ടില്‍ കണ്ണു തുടച്ചവരാണ് മലയാളികള്‍. ആ ക്ലൈമാക്‌സ് രംഗത്തിന്റെ രഹസ്യമാണ് ഫാസില്‍ തുറന്നു പറയുന്നു.'ടി' ആകൃതിയിലുള്ള ആ പൂമുഖമില്ലായിരുന്നെങ്കില്‍ പ്രേക്ഷകന്റെ കരളുലയ്ക്കുന്ന ക്ലൈമാക്‌സ് മറ്റൊരു വിധത്തിലാകുമായിരുന്നു.   

അനിയത്തിപ്രാവ് ഷൂട്ടിങ് തുടങ്ങുമ്പോള്‍ ക്ലൈമാക്‌സ് ആയിട്ടില്ല. അമ്മമാര്‍ രണ്ടും കൂടി സുധിയെയും മിനിയെയും ചേര്‍ത്തു വയ്ക്കും എന്ന ആശയം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. സാധാരണ നിലയില്‍, തിലകന്‍ ചേട്ടന്‍ എന്റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മുഴുവന്‍ തിരക്കഥയും വായിക്കാറുണ്ട്. അനിയത്തിപ്രാവിന്റെ തിരക്കഥയും ഞാന്‍ വായിക്കാന്‍ നല്‍കിയിരുന്നു. അതില്‍ അവസാനം, തിലകന്‍ ചേട്ടന്റെ കഥാപാത്രം സുധിയെയും കൂട്ടി മിനിയുടെ വീട്ടില്‍ വരുന്നു എന്നു മാത്രമേ എഴുതിയിരുന്നുള്ളൂ. അതു കഴിഞ്ഞ് എഴുതിയിട്ടില്ല. അപ്പോള്‍ തിലകന്‍ ചേട്ടന്‍ ചോദിച്ചു, എന്താ ക്ലൈമാക്‌സ് എഴുതാത്തത് എന്ന്. 'അവരെ ചേര്‍ത്തു വിടണം. പക്ഷേ, അതെങ്ങനെയാണെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കണേയുള്ളൂ' എന്നായിരുന്നു ഫാസിലിന്റെ മറുപടി.


ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആലപ്പുഴയിലെ വീടിന്റെ പൂമുഖത്തെ രണ്ടു ഹാളുകള്‍ ടി ആകൃതിയില്‍ കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഷൂട്ടിന്റെ ഇടവേളയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. സുധിയുടെ വീട്ടുകാര്‍ മിനിയുടെ വീട്ടില്‍ വരുമ്പോള്‍, ആണുങ്ങള്‍ എല്ലാവരും ഒരിടത്ത് ഇരിക്കുക... പെണ്ണുങ്ങള്‍ മറ്റൊരിടത്ത് ഇരിക്കുക... മിനി കുടിക്കാന്‍ കൊണ്ടു വന്നു കൊടുക്കുക...അമ്മമാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും താരതമ്യം ചെയ്യാന്‍ അവസരം ഉണ്ടാക്കുക. അങ്ങനെയാണ് ആ രംഗം ഉണ്ടാകുന്നത്. ഷൂട്ടിങ് തുടങ്ങി കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇതെഴുതുന്നത്. ക്ലൈമാക്‌സ് എഴുതാനുള്ള മുഴുവന്‍ ആത്മവിശ്വാസവും എനിക്ക് തന്നത് ആ പൂമുഖത്തിന്റെ ആകൃതിയായിരുന്നെന്നും ഫാസില്‍ പറയുന്നു. ആ ക്ലൈമാക്‌സ് അത്രയും വിജയിക്കാന്‍ കാരണവും തിലകനും ശ്രീവിദ്യയും കെപിഎസി ലളിതയും തന്നെയാണ്.

ക്ലൈമാക്‌സില്‍ 'എന്റെ മോളല്ലേ, ഇങ്ങു തന്നേര്,' എന്നു പറയുന്നതിന് മുന്‍പ് ശ്രീവിദ്യയും ലളിത ചേച്ചിയും ഉണ്ടാക്കിയെടുക്കുന്ന ബില്‍ഡ് അപ്‌സ് ഉണ്ട്. അതായിരുന്നു ആ ക്ലൈമാക്‌സിന്റെ കരുത്ത്. പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ് ഈ അമ്മമാര്‍ മക്കളെ താരതമ്യം ചെയ്യുന്നതും പഠിക്കുന്നതും, പിന്നെ അവരുടെ വിഷമവും. അവസാനം അവളോടു യാത്ര പോലും പറയാതെ ആ പയ്യന്റെ അമ്മ പോകാന്‍ നോക്കുമ്പോള്‍ പെണ്ണിന്റെ അമ്മ പറയും, 'എന്റെ മോളോട് ഒന്ന് മിണ്ടിപോലുമില്ലല്ലോ? അവളുടെ കല്യാണമല്ലേ... ഒന്ന് അനുഗ്രഹിച്ചിട്ട് പൊയ്ക്കൂടെ' എന്ന്. വളരെ മടിയോടു കൂടിയാണ് പയ്യന്റെ അമ്മ അവളുടെ അടുത്തേക്ക് പോകുന്നത്. കൈവച്ച് അനുഹ്രഹിക്കാന്‍ പോയപ്പോള്‍ അവര്‍ പൊട്ടിക്കരയുകയാണ്. 'എന്തു പറഞ്ഞാ അനുഗ്രഹിക്കണ്ടേ'യെന്ന് ചോദിച്ച്! ആ ഡയലോഗിന് കരുത്ത് പകരുന്നത് അതിനു മുന്‍പിലെ ബില്‍ഡ് അപ്‌സ് ആണെന്നും ഫാസില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com