പ്രളയദുരിതാശ്വാസം: സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ല; അമ്മയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ 

താരങ്ങളെ സ്റ്റേജ് ഷോയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കം
പ്രളയദുരിതാശ്വാസം: സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ല; അമ്മയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ 

കൊച്ചി: താരങ്ങളെ സ്റ്റേജ് ഷോയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കം. സ്റ്റേജ് ഷോയ്ക്കായി താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്ത് നല്‍കി. അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നിസഹകരണം ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്‍കാന്‍ അമ്മ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായി താരങ്ങളെ വിട്ടുനല്‍കണമെന്നതാണ് അമ്മയുടെ ആവശ്യം. ഡിസംബര്‍ ഏഴുമുതല്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ സ്റ്റേജ് ഷോയ്ക്കാവശ്യമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി താരങ്ങളെ ഒരാഴ്ചയ്ക്ക് വിട്ടുനല്‍കാനാണ് അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്തുനല്‍കിയത്. 

പ്രളയത്തിന് ശേഷം മലയാള സിനിമയിലും സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. നിലവില്‍ വിഷു റിലീസ് മുന്നില്‍ കണ്ട് പലയിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ താരങ്ങളെ വിട്ടുനല്‍കിയാല്‍ സിനിമാനിര്‍മ്മാണത്തെ ബാധിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.  ഇതിന് അനുകൂലമായ നിലപാട് അമ്മ സ്വീകരിച്ചില്ലെങ്കില്‍ നിസഹകരണം ഉള്‍പ്പെടെയുളള തീരുമാനങ്ങളിലേക്ക് കടക്കുമെന്നും നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com