'സംഗീതത്തിലെ നല്ല കാലം കഴിഞ്ഞുപോയി, ഇപ്പോള്‍ എന്തുണ്ടായാലും അതൊക്കെ ഓകെയാണ്'; തുറന്നു പറഞ്ഞ് ആശ ബോസ് ലെ

'ഗാനശാഖയിലേക്ക് നിരവധി കഴിവുറ്റ യുവ പ്രതിഭകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നല്ല ഗാനങ്ങളുണ്ടാകാത്തതിനാല്‍ അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല'
'സംഗീതത്തിലെ നല്ല കാലം കഴിഞ്ഞുപോയി, ഇപ്പോള്‍ എന്തുണ്ടായാലും അതൊക്കെ ഓകെയാണ്'; തുറന്നു പറഞ്ഞ് ആശ ബോസ് ലെ

സംഗീത മേഖലയിലെ നല്ലകാലം കഴിഞ്ഞുപോയെന്ന് വിഖ്യാത ഗായിക ആശ ബോസ് ലെ. ഇപ്പോള്‍ നല്ല ഗാനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അതുകൊണ്ട് യുവാക്കളുടെ കഴിവ് പുറത്തുവരുന്നില്ലെന്നും ആശ ബോസ് ലെ പറഞ്ഞു. തന്റെ പുതിയ ഗാനത്തിന്റെ ലോഞ്ചിങ്ങിനിടെയാണ് ഗായിക ഇപ്പോഴത്തെ സംഗീത മേഖലയിലെ അവസ്ഥയില്‍ ദുഃഖം അറിയിച്ചത്. 

'ഗാനശാഖയിലേക്ക് നിരവധി കഴിവുറ്റ യുവ പ്രതിഭകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നല്ല ഗാനങ്ങളുണ്ടാകാത്തതിനാല്‍ അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. 50 കളിലും 60 കളിലും 70 കളിലുമായിരുന്നു ഇന്ത്യന്‍ സംഗീത മേഖലയുടെ സുവര്‍ണ കാലം. അത് ഒരിക്കലും തിരിച്ചുവരില്ല. ആ കാലത്തുണ്ടായിരുന്ന പോലത്തെ സംഗീത സംവിധായകരും ഗായകരും ഇപ്പോള്‍ ഇല്ല. പക്ഷേ ഇപ്പോള്‍ സിനിമ മേഖലയില്‍ എന്തൊക്കെയുണ്ടായാലും അതൊക്കെ ഒകെയാണ്.'

ഇപ്പോള്‍ തന്റെ മുന്നില്‍ വരുന്ന എല്ലാ ഗാനവും പാടാറില്ലെന്നാണ് ആശ ബോസ് ലെ പറയുന്നത്. തന്റെ താല്‍പ്പര്യം അനുസരിച്ചാണ് പാടുന്നത്. ബാന്‍ഡ് ഓഫ് ബോയ്‌സ് എന്ന മ്യൂസിക് ബാന്‍ഡുമായി ചേര്‍ന്നാണ് പുതിയ സിനിമയ്ക്കായി പാടിയിരിക്കുന്നത്. ബാന്‍ഡിന്റെ സ്റ്റേജ് ഷോ കണ്ട് തനിക്ക് ഇഷ്ടപ്പെട്ടെന്നും അവരുടെ ഗാനം പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആശ ബോസ്ലെ പറഞ്ഞു. തന്റെ ചെറുമകന്‍ ചിന്തു ബോസ്ലെയും ബാന്‍ഡിലുണ്ടെന്നും ഭാവിയില്‍ അവര്‍ മികച്ച ഗാനങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 85 കാരിയായ ആശ ബോസ്ലെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഗാന മേഖലയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com