'രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഞാന്‍ ഇരുന്നെഴുതിയ തിരക്കഥയാണത്, ഒരു കാര്യത്തില്‍ സാമ്യമുണ്ടെന്ന് കരുതി തിരക്കഥ ഒന്നാകുമോ'; മറുപടിയുമായി മുരുകദോസ്

'രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഞാന്‍ ഇരുന്നെഴുതിയ തിരക്കഥയാണത്, ഒരു കാര്യത്തില്‍ സാമ്യമുണ്ടെന്ന് കരുതി തിരക്കഥ ഒന്നാകുമോ'; മറുപടിയുമായി മുരുകദോസ്

സര്‍ക്കാരിന്റെ തിരക്കഥ പൂര്‍ണമായി വായിക്കാത്തതുകൊണ്ടാണ് അസോസിയേഷന് സാമ്യം തോന്നുന്നത് എന്നാണ് സംവിധായകന്‍ മുരുകദോസിന്റെ വാദം


റിലീസ് അടുത്തിരിക്കെ കൊപ്പിയടി വിവാദം വിജയ് ചിത്രം സര്‍ക്കാരിനെ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. ആരോപണം ഉന്നയിച്ച സഹസംവിധായകന്‍ വരുണ്‍ രാജേന്ദ്രന്റെ സിന്‍ഗോളിന്റെ തിരക്കഥയുമായി സര്‍ക്കാരിന് സാമ്യമുണ്ടെന്ന സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്റെ കണ്ടെത്തല്‍ കൂടി പുറത്തുവന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. എന്നാല്‍ സര്‍ക്കാരിന്റെ തിരക്കഥ പൂര്‍ണമായി വായിക്കാത്തതുകൊണ്ടാണ് അസോസിയേഷന് സാമ്യം തോന്നുന്നത് എന്നാണ് സംവിധായകന്‍ മുരുകദോസിന്റെ വാദം.

സെന്‍ഗോളിന്റെ പൂര്‍ണ തിരക്കഥ വായിച്ചെന്നും എന്നാല്‍ സര്‍ക്കാരിന്റെ സംഗ്രഹം മാത്രമാണ് വായിച്ചതെന്നും അദ്ദേഹം പറയുന്നു. എത്രയോ സിനിമകള്‍ക്ക് ഒരേ സിനോപ്‌സിസ് ഉണ്ടാവും. എന്നാല്‍ ആ സിനിമകളോ അതിന്റെ കഥകളോ ഒക്കെ ഒരുപോലെയാകുമോ എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. 'സര്‍ക്കാരിന്റെ തിരക്കഥയില്‍ തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയം കടന്നുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍. അത്തരമൊരു കഥ എങ്ങനെയാണ് 2007ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കഥയുടെ പകര്‍പ്പാവുന്നത്? ' ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. 

ഒരു കാര്യത്തില്‍ മാത്രമാണ് സര്‍ക്കാറിന് സെന്‍ഗോളുമായി സാമ്യമുള്ളത്. അത് പൗരന്റെ വോട്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്ന വിഷയത്തിലാണ്. അസോസിയേഷനിലെ ഭൂരിഭാഗം പേരും രണ്ട് സിനിമകളും വ്യത്യസ്തമാണെന്ന അഭിപ്രായമാണുള്ളതെന്നും എന്നാല്‍ പ്രസിഡന്റിന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ തന്റെ സഹായികള്‍ക്കൊപ്പമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതെന്നും ആരോപണം തന്നെ വിഷാദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വരുണിനെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലെന്നും മുരുകദോസ്. 

വരുണിന്റെ സെന്‍ഗോളിന്റെ തിരക്കഥ മുരുകദോസ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപണം. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുരുകദോസിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വരുണ്‍. സിനിമ ദിപാവലിക്ക് പുറത്തിറങ്ങാനാണ് ഒരുങ്ങുന്നത്. ആദ്യമായിട്ടല്ല മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയ്‌ക്കെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com