ഒന്നിച്ചുറങ്ങാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം തരാമെന്ന് അയാള്‍ പറഞ്ഞു; പ്രമുഖ സംവിധായകനെതിരെ ബിഗ് ബോസ് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2018 04:22 PM |
Last Updated: 29th October 2018 04:22 PM | A+A A- |

പ്രമുഖ സംവിധായകനെതിരെ മീ ടു ആരോപണമുന്നയിച്ച് നടിയും തമിഴ് ബിഗ് ബോസ് താരവുമായ യാഷിക ആനന്ദ്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം കിടക്കാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് ഒരു പ്രമുഖ സംവിധായകന്‍ തന്നോട് പറഞ്ഞെന്നാണ് യാഷിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.
മീ ടു ഒരു വലിയ മൂവ്‌മെന്റ് ആണെന്നും എല്ലാ സ്ത്രീകളും ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ഇതിലൂടെ തുറന്നുപറഞ്ഞിട്ടുള്ളതെന്നും താരം പറഞ്ഞു. തനിക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം സമീപനം യാഷിക തുറന്നുപറയുകയായിരുന്നു. താന്‍ പറയുന്നത് ഒരു പ്രമുഖ സംവിധായകനെക്കുറിച്ചാണെന്നും ഇന്‍ഡസ്ട്രിയിലെ ഒരു പ്രമുഖ നടന്‍ സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നതെന്നും നടി പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് നടി സംഭവം വിവരിച്ചത്.
'ഞാന്‍ ഓഡിഷനുവേണ്ടിയാണ് അയാളുടെ അടുക്കല്‍ ചെന്നത്. അപ്പോള്‍ എന്നോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം ഉറങ്ങാന്‍ തയ്യാറാകണമെന്നാണ് അയാള്‍ എന്റെ അമ്മയോട് പറഞ്ഞത്', യാഷിക പറഞ്ഞു.
ഇന്‍ഡസ്ട്രിയില്‍ ഒരു താരമാകാന്‍ എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നായിരുന്നു ഈ സംഭവം നടന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്. ഇതുപോലത്തെ ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ഇതിനെതിരെ പ്രതികരിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്, താരം പറഞ്ഞു.