ഇനി എംടിയുടെ തിരക്കഥ വേണ്ട, ശ്രീകുമാര്‍ മേനോനും വേണമെന്നില്ല; മഹാഭാരതം സിനിമയുമായി മുന്നോട്ടെന്ന് ബിആര്‍ ഷെട്ടി

ഇനി എംടിയുടെ തിരക്കഥ വേണ്ട, ശ്രീകുമാര്‍ മേനോനും വേണമെന്നില്ല; മഹാഭാരതം സിനിമയുമായി മുന്നോട്ടെന്ന് ബിആര്‍ ഷെട്ടി
ഇനി എംടിയുടെ തിരക്കഥ വേണ്ട, ശ്രീകുമാര്‍ മേനോനും വേണമെന്നില്ല; മഹാഭാരതം സിനിമയുമായി മുന്നോട്ടെന്ന് ബിആര്‍ ഷെട്ടി

തിരുവനന്തപുരം: എംടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമയാക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് നിര്‍മാതാവ് ബിആര്‍ ഷെട്ടി. തിരക്കഥ തിരികെ ചോദിച്ച് എംടി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനി എംടിയുടെ തിരക്കഥയില്‍ സിനിമ നിര്‍മിച്ച് വിവാദത്തിനില്ലെന്ന് ബിആര്‍ ഷെട്ടി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി മഹാഭാരത കഥ സിനിമയാക്കുമെന്ന് നേരത്തെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. ബിആര്‍ ഷെട്ടി ആയിരം കോടി ചെലവില്‍ ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി വൈകുന്നതു ചൂണ്ടിക്കാട്ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതോടെ, മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ഈ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതിനു പിന്നാലെയാണ് എംടിയുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരത കഥ സിനിമയാക്കുമെന്ന് ഷെട്ടി വ്യക്തമാക്കിയിരിക്കുന്നത്.

മഹാഭാരതം സിനിമയാക്കുകയെന്നത് തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു. എംടി കോടതിയെ സമീപിച്ചതിനാല്‍ ഇനി അദ്ദേഹത്തിന്റെ തിരക്കഥ വച്ച് സിനിമയെടുത്ത് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പദ്ധതിയുമായി മുന്നോട്ടുപോവും. മാര്‍ച്ചില്‍ തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. 2020ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും- ഷെട്ടി വ്യക്തമാക്കി. ശ്രീകുമാര്‍ മേനോന്‍ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നു പറയാനാവില്ലെന്ന് ഷെട്ടി പറഞ്ഞു. 

ആയിരം കോടിയോ അതിന്റെ ഇരട്ടിയോ ചിത്രത്തിനു ചെലവായേക്കും. മഹാഭാരതം സിനിമയാക്കി ഇറക്കുക എന്നതാണ് പ്രധാനം. ഇതിഹാസത്തില്‍നിന്നുള്ള ഒന്നും നഷ്ടമാവാതെ, എല്ലാ തരത്തിലും ഓര്‍ക്കപ്പെടുന്ന ചിത്രമാണ് തന്റെ ആഗ്രഹമെന്ന് ഷെട്ടി പറഞ്ഞു. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, കന്നട, തെലുഗു, തമിഴ് ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്യും.  ഇന്ത്യയിലും വിദേശത്തും നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ മഹാഭാരത്തില്‍ അണിനിരക്കുമെന്ന് ഷെട്ടി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com