മീന്‍ വില്‍ക്കാന്‍ ധര്‍മ്മജനൊപ്പം കൂടുതല്‍ താരങ്ങള്‍; കുഞ്ചാക്കോ ബോബനും ബിജു മേനോനും വിജയരാഘവനും കച്ചവടത്തിന്

മീന്‍ വില്‍ക്കാന്‍ ധര്‍മ്മജനൊപ്പം കൂടുതല്‍ താരങ്ങള്‍ - കുഞ്ചാക്കോ ബോബനും ബിജു മേനോനും വിജയരാഘവനും കച്ചവടത്തിന്
മീന്‍ വില്‍ക്കാന്‍ ധര്‍മ്മജനൊപ്പം കൂടുതല്‍ താരങ്ങള്‍; കുഞ്ചാക്കോ ബോബനും ബിജു മേനോനും വിജയരാഘവനും കച്ചവടത്തിന്

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയിടെ ധര്‍മ്മൂസ് ഫിഷ് ഹബ് മത്സ്യവില്‍പ്പന ശൃംഖലയിലേക്ക് കൂടുതല്‍ താരങ്ങള്‍. കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍, ബിജു മേനോന്‍, നാദിര്‍ഷാ,  രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണ് ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്. മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

വിജയരാഘവന്‍ കോട്ടയത്തും കുഞ്ചാക്കോ ബോബന്‍ പാലാരിവട്ടത്തും രമേഷ് പിഷാരടി വെണ്ണലയിലും ടിനി ടോം ആലുവയിലും നാദിര്‍ഷ കളമശ്ശേരിയിലുമാകും ഫ്രാഞ്ചൈസികള്‍ തുടങ്ങുക. ബിജു മോനോന്‍ തൃശുരിലോ കൊച്ചിയിലോ എവിടെയാണ് ഫ്രാഞ്ചൈസിയെടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കൊച്ചിയിലെ മത്സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്‍, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീന്‍ പിടുത്തക്കാരില്‍ നിന്ന് നേരിട്ട് വാങ്ങി ധര്‍മ്മജന്‍ നടത്തിയ വില്‍പ്പന വിജയം കണ്ടതോടെയാണ് കൂടുതല്‍ താരങ്ങള്‍ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടരലക്ഷം രൂപയുടെ വില്‍പ്പനയുണ്ട്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ മീന്‍പിടുത്തക്കാര്‍ക്ക് മികച്ച നിരക്കും ലഭിക്കുന്നുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുന്‍പ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ കൂട്ടത്തില്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്ന ധര്‍മ്മജന് താഴേത്തട്ടിലെ രീതികള്‍ അറിയാമെന്നതും ഗുണകരമായി. മീന്‍പിടുത്തക്കാര്‍ക്ക് എപ്പോള്‍ പിടിക്കുന്ന മീനും ഉടന്‍ ധര്‍മ്മൂസ് ഹബ്ബില്‍ എത്തിക്കാമെന്നതാണ് വിജയത്തിന് പിന്നിലെ ഘടകങ്ങളിലൊന്ന്.

അയ്യപ്പന്‍കാവിലെ കടയില്‍ മീന്‍വിഭവങ്ങള്‍ പാകം ചെയ്തുകൊടുക്കാനും തുടങ്ങി. ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ അരമണിക്കൂറിനകം നാടന്‍ രീതിയില്‍ പാകപ്പെടുത്തി നല്‍കും. നിശ്ചിത സ്ഥലങ്ങളില്‍ ഹോം ഡലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകം ചെയ്ത മീന്‍ വിഭവങ്ങളുടെ വില്‍പ്പനയുണ്ടാകും. സിനിമാ താരങ്ങളല്ലാത്തവര്‍ക്കും ഫ്രാഞ്ചൈസി നല്‍കാമെ്‌ന് ധര്‍മ്മജന്‍  പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com